തിരുവനന്തപുരം: ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്കു സ്വയം തൊഴിൽ കണ്ടെത്താനുള്ള പ്രവാസികാര്യ വകുപ്പിന്റെ പുനരധിവാസ പദ്ധതി വഴി ആരംഭിച്ചത്‌ 2,600 സംരംഭങ്ങൾ. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി ആരംഭിച്ച 2013 മുതലുള്ള കണക്കാണിതെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരി പറഞ്ഞു.

മൂലധനവും പലിശയിളവും അനുവദിച്ച് ബാങ്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2018-19ൽ 791 സംരംഭങ്ങൾ തുടങ്ങി. 2013 മുതൽ ഇതുവരെ 136.49 കോടി രൂപ വായ്‌പയും മൂലധന സബ്‌സിഡി ഇനത്തിൽ 27.83 കോടി രൂപയും പലിശ സബ്‌സിഡി ഇനത്തിൽ 4.23 കോടി രൂപയും വിതരണം ചെയ്‌തു. ബഡ്‌ജ​റ്റിൽ നീക്കിവച്ച 15 കോടി രൂപ പൂർണമായി വിനിയോഗിച്ചു.

പദ്ധതി പ്രകാരം സംയോജിത കൃഷിരീതികൾ, ആട്/പശു/എരുമ/പോത്ത് പരിപാലനം, കോഴി വളർത്തൽ, മത്സ്യക്കൃഷി, ഭക്ഷണശാല, വൈദ്യപരിശോധനാ കേന്ദ്രങ്ങൾ, അലങ്കാര ജോലികൾ, ഹോംസ്​റ്റേ/താമസം, കെട്ടിട സാമഗ്രികൾ, ബേക്കറി ഉത്പന്ന നിർമ്മാണശാലകൾ, മൊത്തവ്യാപാര വിതരണം, സൂപ്പർ മാർക്ക​റ്റുകൾ തുടങ്ങിയവയ്ക്കു വായ്പ നൽകും. സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വിശദ പദ്ധതിരേഖ സൗജന്യമായി തയ്യാറാക്കി നൽകും. പരിശീലനവും ഒരുക്കും.

₹3 ലക്ഷം വരെ സബ്‌സിഡി

30 ലക്ഷം രൂപ വരെ മൂലധന ചെലവു പ്രതീക്ഷിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്‌സിഡിയോടെയാണ് (പരമാവധി 3 ലക്ഷം രൂപ) വായ്‌പ അനുവദിക്കുക. വായ്പയുടെ പലിശയ്ക്കും 3 ശതമാനം സബ്‌സിഡി നാലു വർഷത്തേക്കു ലഭിക്കും. കുറഞ്ഞത് രണ്ടുവർഷം വിദേശത്തു താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തശേഷം നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളെയും അവർ ചേർന്നു രൂപീകരിച്ച കമ്പനി, ട്രസ്​റ്റ്, സൊസൈ​റ്റി തുടങ്ങിയവയെയും ആനുകൂല്യത്തിനു പരിഗണിക്കും. വെബ്സൈറ്റ്- www.norkaroots.org,ഫോൺ: 1800 425 393, 00918802012345