എട്ട് സംസ്ഥാനങ്ങളിലായി അൻപത്തൊമ്പത് സീറ്റുകളിൽ കൂടി ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഏറ്റവും സുദീർഘമായ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാവുകയാണ്. ഇത്രയേറെ സമയമെടുത്ത് നടത്തിയ ഒരു തിരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സ്വതന്ത്രവും നീതിപൂർവവും ഭയരഹിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ദൃഢനിശ്ചയമാണ് വോട്ടെടുപ്പ് ഷെഡ്യൂൾ ഇത്രയേറെ നീണ്ടുപോകാൻ കാരണമെന്നാണ് അവകാശവാദമെങ്കിലും എത്രത്തോളം ലക്ഷ്യം നേടി എന്നതു തർക്കവിഷയമായി തുടരും. അവസാന ഘട്ടങ്ങളിലേക്ക് കടന്നതോടെ കമ്മിഷന്റെ നിഷ്പക്ഷതയും മേധാവിത്വവും ഏറെ ചോദ്യം ചെയ്യപ്പെട്ട സ്ഥിതിയുമുണ്ടായി. കേന്ദ്രം ഭരിക്കുന്നവർക്കനുകൂലമായി നിൽക്കുന്നു എന്ന പേരുദോഷവുമായാണ് അവസാന ഘട്ടത്തോടനുബന്ധിച്ച പ്രചാരണം അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയിലെ വോട്ടെടുപ്പ് അവസാനഘട്ടത്തിൽ വരുന്നവിധം ഷെഡ്യൂൾ നിശ്ചയിച്ചത് പരമാവധി ദിവസങ്ങൾ അദ്ദേഹത്തിന് പ്രചാരണം നടത്താനുള്ള സൗകര്യം മുൻനിറുത്തിയാണെന്ന പ്രതിപക്ഷത്തിന്റെ പരാതി നേരത്തെതന്നെ ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കുറച്ചാളുകൾ സംഘട്ടനങ്ങളിൽ മരിച്ച ആദ്യ തിരഞ്ഞെടുപ്പാകുമിത്. മുൻകാലങ്ങളിൽ പേശീബലത്തിൽ മാത്രം വിശ്വസിച്ചിരുന്ന കക്ഷികളുടെ ആൾക്കാർ തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഏർപ്പെടുന്നതും ധാരാളംപേർ ഏറ്റുമുട്ടലുകളിൽ പരലോകം പൂകുന്നതും പതിവായിരുന്നു. ഇക്കുറി ബംഗാളിലൊഴികെ മറ്റെല്ലായിടങ്ങളിലും ക്രമസമാധാനനില താരതമ്യേന ശാന്തമായിരുന്നു എന്ന് പറയാം. ബംഗാളിൽ ഏറ്റുമുട്ടലുകളിൽ ഏതാനും പേർ കൊല്ലപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസിന് ആധിപത്യമുള്ള ബംഗാളിൽ എതിരാളികളെ കായികമായി നേരിടുക എന്നതാണ് പണ്ടുതൊട്ടേയുള്ള രീതി. അക്രമികൾക്ക് മമതയുടെ സർക്കാരിന്റെ സംരക്ഷണമുള്ളതുകൊണ്ട് പ്രവർത്തകർ സർവതന്ത്ര സ്വതന്ത്രരുമാണ്.
അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് കഴിയുന്നതോടെ മേയ് 23ന് ഫലമറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം ഒന്നടങ്കം. മുൻകൂർ ഫലപ്രവചനങ്ങൾ ഇതിനകം ഏറെ വന്നുകഴിഞ്ഞു. എന്നാൽ ഏറെ അനിശ്ചിതത്വങ്ങളും പ്രവചനാതീതമായ രാഷ്ട്രീയ ഉൾപ്പിരിവുകളും തിരഞ്ഞെടുപ്പ് ഫലത്തെ ഉദ്വേഗഭരിതമാക്കുന്നുണ്ട്. ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷം നേടി അധികാരം നിലനിറുത്തുമെന്ന് പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തെ പ്രതിപക്ഷത്തുള്ളവർ പുച്ഛിച്ചുതള്ളുകയാണ്. ബി.ജെ.പിയെയും മോദിയെയും അധികാരത്തിൽ നിന്ന് പുറത്താക്കാൻവേണ്ടി ഫലപ്രഖ്യാപനത്തിനുശേഷം എന്ത് വിട്ടുവീഴ്ച ചെയ്തും പ്രതിപക്ഷ നിരകൾ ഒന്നിച്ചുനിൽക്കാനുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. അത്തരത്തിലൊരു ഘട്ടം വന്നാൽ പ്രധാനമന്ത്രിപദം പോലും തർക്കവിഷയമാക്കില്ലെന്ന നിലയിലേക്ക് കോൺഗ്രസും താഴ്ന്നുവന്നത് ശ്രദ്ധേയമാണ്. പിന്നീട് ഇൗ നിലപാടിൽ തിരുത്തൽ വന്നുവെന്നത് മറ്റൊരു കാര്യം.
പ്രചാരണത്തിന് ചെലവുപരിധി നിർണയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പല മടങ്ങാണ് ഒാരോ മണ്ഡലത്തിലും സ്ഥാനാർത്ഥികൾ ചെലവഴിച്ചത്. രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ചെലവേറിയ തിരഞ്ഞെടുപ്പുകൂടിയാണിത്. ലക്ഷങ്ങളല്ല കോടികൾതന്നെയാണ് പ്രമുഖ സ്ഥാനാർത്ഥികൾക്കായി വെള്ളം പോലെ ഒഴുക്കിയത്. അഴിമതിയുടെ വിത്ത് പൊട്ടി മുളയ്ക്കുന്നതുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവിലൂടെയാണെന്നുപറയാം. സാധാരണയിൽ കവിഞ്ഞ് പ്രചാരണ നാളുകൾ നീണ്ടുപോയത് എല്ലാ കക്ഷികളുടെയും സാമ്പത്തിക ബാദ്ധ്യത ദുർവഹമാക്കിയെന്നു പറയാം.
തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഒന്നും നിഷിദ്ധമല്ലെന്ന ചൊല്ല് ശരിവയ്ക്കുന്നതായി പ്രചാരണത്തിൽ ദൃശ്യമായ വീറും വാശിയും പരമോന്നതരെന്നു കരുതുന്ന നേതാക്കൾപോലും തറമട്ടത്തിലെത്തി വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുന്നത് ജനങ്ങൾ കേൾക്കേണ്ടിവന്നു. അന്തരീക്ഷം ഇത്രമാത്രം ദുഷിപ്പിക്കുകയും നേതാക്കളുടെ പൊയ്മുഖങ്ങൾ ചീന്തിയെറിയപ്പെടുകയും ചെയ്ത ഒരു തിരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ല. രാജ്യത്ത് സാമൂഹ്യാന്തരീക്ഷത്തിൽ ഇൗ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച മുറിപ്പാടുകൾ അത്രവേഗമൊന്നും മാഞ്ഞുപോകില്ല.
അവസാന ഘട്ടത്തിനൊപ്പം കേരളത്തിലെ കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് പോളിംഗ് ബൂത്തുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. കള്ളവോട്ട് തെളിഞ്ഞതിനെത്തുടർന്നാണ് ഇൗ നടപടി. തിരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് ഇവിടെ അസാധാരണ സംഭവമൊന്നുമല്ലെങ്കിലും അത് തെളിവോടെ കണ്ടുപിടിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ സവിശേഷത. ആൾമാറാട്ടവും ഒന്നിലേറെ തവണ വോട്ടുചെയ്യുന്നതുമൊക്കെ തടയാൻ ഇനിയും കഴിയുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പിന്റെ പരിശുദ്ധിയെക്കുറിച്ചൊക്കെ പറയുന്നതിന് എന്തർത്ഥമാണുള്ളത്.