നാലാം നാൾ പെട്ടി തുറക്കുമ്പോൾ 'സമ്മാനപ്പെട്ടി'ക്ക് എത്ര സീറ്റ് കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും തമിഴ്നാട്ടിലെ എടപ്പാടി സർക്കാരിന്റെ ഭാവി. ടി.ടി.വി.ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ തിരഞ്ഞെടുപ്പു ചിഹ്നമാണ് സമ്മാനപ്പെട്ടി!
ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്തുപോകേണ്ടി വന്ന ദിനകരൻ 18 എം.എൽ.എ മാരെ അടർത്തിയെടുത്ത് ഒപ്പം ചേർത്തതിനെ തുടർന്നുണ്ടായ സംഭവികാസങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഇവിടെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനു കൂടി വഴിയൊരുക്കിയത്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങൾ ഉൾപ്പെടെ രണ്ടു ഘട്ടമായി 22 നിയമസഭാ സീറ്റുകളുടെ ഫലമാണ് നിർണായകമാവുക. ഇതിൽ 10 സീറ്റെങ്കിലും നേടിയില്ലെങ്കിൽ എടപ്പാടി പളനിസ്വാമിയുടെ മുഖ്യമന്ത്രി കസേരയിലെ നാളുകൾ അവസാനിക്കുന്ന ചടങ്ങായിരിക്കും ബാക്കിയുണ്ടാകുക.
കലൈഞ്ജറുടെ ദളപതിയെന്ന് അണികൾ വാഴ്‌ത്തുന്ന എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്താൻ പത്തു ജയിച്ചാലും പോരാ. 21 സീറ്റുകൾ നേടണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അസാദ്ധ്യമെന്നാണ് വിലയിരുത്തൽ. രണ്ടു കൂട്ടരുടെയും കണക്കുകൂട്ടൽ തെറ്റിക്കുന്നതാകും അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ പ്രകടനം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ സാങ്കേതികമായി 21ഉം അണ്ണാ ഡി.കെ.യുടെ സിറ്റിംഗ് സീറ്റുകളാണ്. അതിൽ 18 എണ്ണത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത് എം.എൽ.എമാർ ദിനകരനൊപ്പം പോയവർ അയോഗ്യരാക്കെപ്പെട്ടതുകൊണ്ട്. ഇവിടങ്ങളിൽ കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും അമ്മാ മക്കൾ മുന്നേറ്റ കഴകം സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
കണക്കിലെ കളി ഇങ്ങനെ
234 സീറ്റുള്ള തമിഴ്നാട് നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്.
എടപ്പാടി സർക്കാരിന് ഇപ്പോൾ സ്പീക്കർ ഉൾപ്പെടെയുള്ളത് 114 സീറ്റ്
അതിൽ മൂന്നു പേർ ദിനകരനെ പിന്തുണയ്‌ക്കുന്നവർ.
അണ്ണാ ഡി.എം.കെ ചിഹ്നമായ രണ്ടിലയിൽ മത്സരിച്ച് ജയിച്ച മൂന്നു സ്വതന്ത്രന്മാർ കളംമാറാൻ ഒരുങ്ങി നിൽക്കുന്നു.
ഈ വെല്ലുവിളി അതിജീവിക്കാനാണ് എടപ്പാടിക്ക് 10 സീറ്റുകളിലെ ജയം അനിവാര്യമാകുന്നത്. അല്ലെങ്കിൽ നാലു സീറ്റുകൾ ജയിച്ചാൽ മതിയായിരുന്നു.
മറുവശത്ത് ഡി.എം.കെയ്ക്ക് ആകെ 88 സീറ്റ്. സഖ്യകക്ഷികളായ കോൺഗ്രസിന്റേയും (8) മുസ്ലിം ലീഗിന്റേയും (1) സീറ്റുകൾ കൂടിയാകുമ്പോൾ 97 സീറ്റുകളാകും. ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റു നേടിയാൽ അധികാരം പിടിക്കാം.
ആദ്യം പാർട്ടി
പിന്നെ മുഖ്യൻ
ജയലളിതയുടെ മരണ ശേഷം ആർ.കെ.നഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ അണ്ണാ ഡി.എം.കെയ്‌ക്കും ഡി.എം.കെയ്‌ക്കും എതിരെ മത്സരിച്ചു ജയിച്ച് കരുത്തുകാട്ടിയ ആളാണ് ദിനകരൻ. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിൽ വോട്ടുചെയ്ത് ശീലിച്ചവർ ദിനകരന്റെ പ്രഷർകുക്കറിനാണ് അന്ന് വോട്ടു ചെയ്തത്. ഇപ്പോഴാണ് ചിഹന്മായി സമ്മാനപ്പെട്ടി ലഭിച്ചത്.
പത്തിലധികം സീറ്റ് നേടാൻ കഴിയുമെന്നാണ് ഏപ്രിൽ 18-ന് നടന്ന 18 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനു ശേഷം അമ്മാ മക്കൾ മുന്നേറ്റ കക്ഷി കണക്കുകൂട്ടിയത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കാര്യങ്ങൾ അനുകൂലമായാൽ എടപ്പാടി സർക്കാരിനെ വീഴ്‌ത്തി അണ്ണാ ഡി.എം.കെ പിടിക്കാനായിരിക്കും ദിനകരൻ ശ്രമിക്കുക. ദിനകരൻ കളത്തിലിറങ്ങി കളിക്കുമ്പോൾ തന്ത്രങ്ങൾ മെനയുന്നത് അഗ്രഹാര ജയിലിൽ തടങ്കലിൽ കഴിയുന്ന ശശികലയാണ്.
ഉപതിരഞ്ഞെടുപ്പ്
വന്ന വഴി
ദിനകരനെ അനൂകൂലിച്ചതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട 18 പേർ.
കരുണാനിധിയുടെ മരണത്തെ തുടർന്ന് തിരുവാരൂർ മണ്ഡലം
എം.എൽ.എമാരയ കനകരാജ്, എ.കെ.ബോസ് എന്നിവരുടെ മരണത്തെ തുടർന്ന് യഥാക്രമം സുളൂർ, തിരുപ്പുറംകുൺട്രം മണ്ഡലങ്ങൾ
മന്ത്രിയായിരുന്ന ബാലകൃഷ്ണ റെഡ്ഡി ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഹൂസൂരിൽ
ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ അരുവാക്കുറിച്ചി, സുലൂർ, ഒറ്റപ്പിടാരം, തിരുപ്പിറംകുൺട്രം
സുലൂരും തിരുപ്പിറംകുൺട്രവും അണ്ണാ ഡി.എം.കെയ്‌ക്ക് സ്വാധീനമുള്ള സ്ഥലങ്ങൾ