kemal-pasha

തിരുവനന്തപുരം: തമിഴ് നടൻ കമൽഹാസൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും ഗോഡ്‌സെ ഭീകരവാദി തന്നെയാണെന്നും റിട്ട.ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. ഭീകരവാദിയും കൊലയാളിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഗോഡ്‌സെയെ അനുകൂലിക്കുന്നവർ ഇപ്പോൾ ഉയർത്തുന്ന വാദം. 'ഞാനൊരു നല്ല ഹിന്ദുവായതുകൊണ്ടു തന്നെ നല്ല മുസൽമാനുമാണ്' എന്നു പറഞ്ഞതിനാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. ഇത് ഭീകരവാദ പ്രവൃത്തി തന്നെയാണെന്നും പാഷ പറഞ്ഞു. ഡോ.അംബേദ്കർ എജ്യുക്കേഷൻ ഫൗണ്ടേഷന്റേയും ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്സലൻസ് അവാർഡ്-2019 പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ശിക്ഷായിളവ് നേടിയ സവർക്കർ ആൻഡമാൻ ദ്വീപിൽ നിന്നെത്തിയ ശേഷം രൂപീകരിച്ച സംഘടനയാണ് ഹിന്ദു മഹാസഭ.

ഈ സംഘടനയിലെ അംഗമാണ് നാഥുറാം വിനായക് ഗോഡ്‌സേ. ഗാന്ധിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ് സവർക്കർ. ഗോഡ്‌സേയെ കൊല്ലാൻ പറഞ്ഞു വിടുകയായിരുന്നു. ഗൂഢാലോചന കുറ്റം മാത്രമായതിനാൽ സവർക്കർ അന്ന് കേസിൽ ഉൾപ്പെടാതെ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കിൽ തെളിവ് കിട്ടുകയും അകത്താകുകയും ചെയ്യുമായിരുന്നു. പിന്നീട് സവർക്കർ മഹാത്മാവായി പ്രതിഷ്ഠിക്കപ്പെട്ടു. ഫലത്തിൽ ഗോഡ്‌സെയും സവർക്കറും ചെയ്ത പ്രവൃത്തി ടെററിസ്‌റ്റ് ആക്ടിന്റെ പരിധിയിൽ പെടുന്ന കാര്യം തന്നെയാണ്. ഇവർ ഭീകരവാദികൾ തന്നെയാണ്. ഇത് തുറന്നു പറഞ്ഞതിന്റെ പേരിലാണ് ഇപ്പോൾ കമൽഹാസനെ വെടിവെച്ചു കൊല്ലണം എന്ന് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു കഴിഞ്ഞു. അദ്ദേഹം ഇനി എത്ര നാൾ ജീവിച്ചിരിക്കുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്നും പാഷ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമലഹാസന്റെ പ്രസ്‌താവനയ്ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്ക് നോക്കണം. അവർക്ക് തക്ക മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും' പ്രഗ്യ പറഞ്ഞു. പരാമർശത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വൻ പ്രതിഷേധം ഉയർന്നു. പ്രഗ്യയെ തള്ളിയ ബി.ജെ.പി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വിവാദപ്രസ്താവന പിൻവലിച്ച് പ്രഗ്യാ സിംഗ് ഠാക്കൂർ മാപ്പു പറയുകയായിരുന്നു. ഇതിന് പിന്നാലെ ഗോഡ്‌സെയെ പ്രകീർത്തിച്ച് നിരവധി ബി.ജെ.പി നേതാക്കന്മാർ രംഗത്ത് വന്നത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. കേന്ദ്രമന്ത്രിമാർ വരെ ഇതിൽ ഉൾപ്പെട്ടത് സ്ഥിതിഗതികൾ ഗുരുതരമാക്കി.