dgp-loknath-behra
dgp loknath behra

തിരുവനന്തപുരം: ദുബായ് പൊലീസിന്റെ മാതൃകയിൽ ടെക്നോപാർക്കിൽ സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ദുബായിലേക്ക് പോവുന്നത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തടഞ്ഞിട്ടില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഏഴ് ബൂത്തുകളിൽ ഇന്ന് റീ പോളിംഗ് നടക്കുന്നതിനാൽ പൊലീസ് മേധാവി സംസ്ഥാനത്തുണ്ടാകേണ്ടതുണ്ട്. സംഘർഷ സാദ്ധ്യതയുള്ള പ്രദേശത്താണ് റീ പോളിംഗ് എന്നതിനാൽ പ്രത്യേക ജാഗ്രതയും വേണം. അതിനാലാണ് ദുബായ് യാത്ര ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ദുബായിലേക്ക് പോവും- ഡി.ജി.പി 'കേരളകൗമുദി'യോട് പറഞ്ഞു.

പൊലീസ് മേധാവിയും രണ്ടാം സായുധ ബറ്റാലിയൻ കമൻഡാന്റ് ദേബേഷ് കുമാർ ബെഹ്റയും 18ന് ദുബായിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സ്മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലേതിന്റെ തനിപ്പകർപ്പായിരിക്കും ടെക്നോപാർക്കിൽ വരുന്നത്. ലോക കേരളസഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിനിടെ മുഖ്യമന്ത്രി സ്‌മാർട്ട് സ്റ്റേഷൻ സന്ദർശിക്കാനെത്തിയപ്പോൾ, ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി, ബ്രിഗേഡിയർ അബ്ദുള്ള ഖാദിം, കേണൽ ഹുസൈൻ ബിൻ ഖലിറ്റ എന്നിവരാണ് കേരളത്തിൽ സ്‌മാ‌ർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സഹായം വാഗ്ദാനം ചെയ്തത്. ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായിരിക്കും സ്‌മാർട്ട് സ്റ്റേഷൻ.