വെള്ളറട: ഗ്രാമങ്ങളിൽ മോഷണം നിത്യസംഭവമായതോടെ ഭീതിവിട്ടുമാറാതെ ജനങ്ങൾ കഴിയുകയാണ്. മോഷണം നടക്കാത്ത ദിവസം ഗ്രാമങ്ങളിലില്ല. എന്നാൽ മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിയാതായതോടെ ഗ്രാമവാസികൾ സംഘടിച്ച് മോഷ്ടാക്കളെ പിടികൂടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ രണ്ടുദിവസം മുമ്പ് പട്ടാപ്പകൽ വീട്ടിൽ നിന്നും ജോലിക്കുപോയ വീട്ടമ്മയുടെ മൂന്നര പവൻ മാല ബൈക്കിൽ മുഖം മറച്ചെത്തിയ മോഷ്ടാവ് ആനപ്പാറക്കു സമീപം വച്ച് പൊട്ടിച്ചുകടന്നു. അതേ ദിവസം തന്നെ രാത്രിയിൽ വീട്ടിൽ ടി.വി കണ്ടുകൊണ്ടിരുന്ന വീട്ടമ്മയുടെ മാലയും പൊട്ടിച്ചുകടന്നു. ഇതോടെ പുറത്തിറങ്ങി നടക്കാനും വീട്ടിലിരിക്കാനും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഒരുമാസത്തിനു മുമ്പാണ് തേക്കുപാറ കുളമാംകുഴിയൽ പാൽവാങ്ങി വീട്ടിലേക്ക് വരുകയായിരുന്ന യുവതിയുടെ അഞ്ചുപവൻ മാല പൊട്ടിച്ചുകടന്നത്. ഇതിനു പുറമെ സർക്കാർ ഓഫീസുകളും കടകളും കുത്തിതുറന്നുള്ള കവർച്ചകളും വ്യാപകമാണ്. രണ്ടുമാസത്തിനു മുമ്പാണ് വെള്ളറട സബ് രജിസ്റ്റർ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുണ്ടായിരുന്ന 26000 രൂപയും ട്രഷറി ചെക്കുകളും സ്റ്റാമ്പും കവർന്നത്. ഡോഗ് സ്ക്വാഡും വിരൽ അടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവെങ്കിലും ഇതുവരെയും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. ഏതാനും മാസങ്ങൾക്ക് മുമ്പാണ് വെള്ളറട സർക്കാർ ആശുപത്രിയിലെ ഫയലുകൾ സൂക്ഷിച്ചിരുന്ന റൂം തുറന്ന് കവർച്ച നടന്നത്. കാരക്കോണത്ത് ആശുപത്രിയിൽ പോയിട്ട് വീട്ടിലേക്കു മടങ്ങിയ അണിമംഗലം സ്വദേശിനിയായ വൃദ്ധയുടെ കഴുത്തിൽകിടന്ന രണ്ടരപവൻ മാല പൊട്ടിച്ചുകടന്നത്. രാത്രി കാലങ്ങളിലെ പൊലീസിന്റെ പട്രോളിംഗ് കാര്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മോഷണങ്ങൾ വർദ്ധിക്കുമ്പോൾ പ്രതികൾ പിടിയിലാകാത്തതാണ് വീണ്ടും വീണ്ടും മോഷണം വർദ്ധിക്കുന്നതെന്നും പരാതി ഇപ്പോൾ തന്നെ നിലവിലുണ്ട്.