subairsir

തിരുവനന്തപുരം: ഗോഡ്‌സെ ഭീകരവാദിയാണെന്ന് തമിഴ് നടൻ കമലഹാസൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

ഭീകരവാദിയും കൊലയാളിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഗോഡ്‌സെയെ അനുകൂലിക്കുന്നവർ ഇപ്പോൾ ഉയർത്തുന്ന വാദം. 'ഞാനൊരു നല്ല ഹിന്ദുവായതുകൊണ്ടു തന്നെ നല്ല മുസൽമാനുമാണ്' എന്നു പറഞ്ഞതിനാണ് ഗാന്ധിജിയെ വെടിവച്ചു കൊന്നത്. ഇത് ഭീകരവാദ പ്രവൃത്തി തന്നെയാണെന്നും കെമാൽ പാഷ പറഞ്ഞു. ഡോ. അംബേദ്കർ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെയും ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്സലൻസ് അവാർഡ്-2019 പരിപാടി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധി ഘാതകനായ ഗോഡ്സെ മാത്രമല്ല ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്ന വീരസവർക്കറും ഭീകരവാദിയാണ്. ഇൗ സംഘടനയിലെ അംഗമാണ് ഗോഡ്‌സെ. ഗാന്ധിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു സവർക്കർ. ഗൂഢാലോചനക്കുറ്റം മാത്രമായതിനാൽ കേസിൽ ഉൾപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഇത് തുറന്നു പറഞ്ഞതിന്റെ പേരിലാണ് കമലഹാസനെ വെടിവച്ചു കൊല്ലണമെന്ന് പറയുന്നത്- അദ്ദേഹം പറഞ്ഞു.

പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. അംബേദ്കർ നാഷണൽ ഹൈയസ്റ്റ് എക്സലൻസ് അവാ‌ർഡ് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം. സുബൈറിന് കെമാൽ പാഷ സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. മുൻ ഗുജറാത്ത്‌ ഡി.ജി.പി ആർ.ബി. ശ്രീകുമാർ അംബേദ്കർ സ്മാരക പ്രഭാഷണം നടത്തി. അവാ‌ർഡ് കമ്മിറ്റി ചെയർമാൻ കെ. രാമൻകുട്ടി സ്വാഗതവും ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റി സെക്രട്ടറി ടി.പി. മോഹനൻ ത്രിശരണപള്ളി നന്ദിയും പറഞ്ഞു.