നെയ്യാറ്റിൻകര: കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്ന് 12 കോടി ചെലവഴിച്ച് നിർമ്മിച്ച നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബഹുനില മന്ദിരത്തിന് മുകൾ നിലയിൽ മാലിന്യക്കൂമ്പാരം. ആശുപത്രിയിലെ പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി അമ്മമാരുടെയും കുട്ടികളുടെയും കെട്ടിടത്തിലാണ് കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആശുപത്രിയുടെ മുൻഭാഗത്തുള്ള തണൽമരങ്ങൾ മുഴുവൻ മുറിച്ച ശേഷം പണികഴിപ്പിച്ച 5 നില കെട്ടിടത്തിലാണ് മാലിന്യ ശേഖരം കണ്ടെത്തിയത്. ഗ്രൗണ്ട് ഫ്ലോർ ഒ.പി. വിഭാഗത്തിനും ഒന്നാം നില കുട്ടികളുടെ വിഭാഗത്തിനും കണ്ണുരോഗി ചികിത്സക്കുമായി പ്രവർത്തിക്കുകയാണ്. ബാക്കിയുള്ള 3 നിലയിൽ 2-ാം നിലയിൽ പ്രസവ വാർഡിന്റെ ബോർഡ് സ്ഥാപിച്ചിട്ടുള്ളതിന്റെ മുൻഭാഗത്താണ് ആശുപത്രിയിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ നൂറുകണക്കിന് കെട്ടുകൾ പലസ്ഥലത്തുമായി കൂട്ടിയിട്ടിരിക്കുന്നത്. തൊട്ടടുത്ത മുറി മരുന്നു സൂക്ഷിക്കുവാനുള്ള മുറിയായി ഉപയോഗിക്കുന്നു.
ആശുപത്രിയിലെ ജൈവമാലിന്യം തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരെ ജനരോക്ഷം ഉയർന്നതോടെയാണ് മാലിന്യം പ്ലാസ്റ്റിക് ചാക്കിലാക്കി ബഹുനില മന്ദിരത്തിന് മുകളിൽ സൂക്ഷിക്കുന്നത്. ദിവസവും 3000 ഓളം രോഗികൾ എത്തുന്ന നെയ്യാറ്റിൻകര ആശുപത്രിയിൽ പകുതിയോളം പേർക്ക് ചികിത്സ ലഭിക്കുന്നില്ലത്രേ. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണാൻ എത്തുന്നവരിൽ 30 പേരെ മാത്രമേ മിക്ക ഡോക്ടർമാരും പരിശോധിക്കാറുള്ളൂ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യം മാത്രമേ ഇവിടെ നിലവിലുള്ളുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ പറയുന്നു. ട്രോമോകെയർ നിലവിലില്ല. ഡോക്ടർമാർ ഉൾപ്പെടെ 40 ലധികം തസ്തിക സൃഷ്ടിച്ചാൽ മാത്രമേ ട്രോമോകെയർ ആരംഭിക്കാൻ കഴിയുകയുള്ളൂ. പേവാർഡുകൾ, എക്‌സ്‌റെ, മോർച്ചറി എന്നിവയെല്ലാം ശോചനീയവസ്ഥയിലാണ്.
ആശുപത്രിയിലെ ശോചനീയാവസ്ഥ നേരിൽ കണ്ട ഫ്രാൻ അധികൃതർ ഇതിനെതിരെ ഉടൻ സമരം സംഘടിപ്പിക്കുമെന്ന് പറഞ്ഞു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി. നായർ, ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, ഭാരവാഹികളായ റ്റി.മുരളീധരൻ, ജി.പരമേശ്വരൻനായർ, പിവേണുഗോപാൽ, തിരുപുറം ശശിധരൻനായർ, സെന്തിൽകുമാർ എന്നിവരാണ് ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും മാലിന്യ നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.