വിതുര: റോഡിലാകെ കുഴി, പലയിടത്തും മെറ്റലുകൾ ഇളകിത്തെറിക്കുന്ന അവസ്ഥ, ഈ കടമ്പകളെല്ലാം കടന്നു വേണം യാത്രപോകേണ്ടത്. യാത്രാ ദുരിതം നാട്ടുകാരെ വിഷമിപ്പിക്കുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും നടപടി അനന്തമായി നീളുകയാണ്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽ നിന്നും കന്നുകാലി വനം ഭാഗത്തേക്കുള്ള റോഡാണ് പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായത്. റോഡിന്റെ മിക്ക ഭാഗത്തും മെറ്റൽ ഇളകി മൺപാതയായി മാറിയിരിക്കുകയാണ്. തകർന്ന് തരിപ്പണമായി കിടക്കുന്ന ഇൗ റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതുമാണ്. അപകടപരമ്പരകൾ തന്നെ അരങ്ങേറിയിട്ടും നടപടികളില്ല. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ഗട്ടറുകളിൽ വീഴുമ്പോൾ വാഹനത്തിൽ നിന്നും തെറിച്ച് റോഡിൽ വീണ സംഭവവും ഉണ്ടായി.
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലെത്താൻ അനവധി വിദ്യാർത്ഥികൾ കടന്നുപോകുന്നത് ഇൗ റോഡിലൂടെയാണ്. അടിയന്തരമായി യാത്രാ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പ് വേളയിൽ വോട്ട് തേടിയെത്തുന്നവർ ജയിച്ചാൽ റോഡ് ടാറിംഗ് നടത്താമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും പിന്നീട് തിരിഞ്ഞു നോക്കാറില്ല. അടുത്തിടെ ഇൗ റോഡിന്റെ കുറച്ച് ഭാഗം ടാറിംഗ് നടത്തിയെങ്കിലും ശേഷിച്ച ഭാഗം അപകടാവസ്ഥയിൽ കിടക്കുകയാണ്.
മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട് രൂപാന്തരപ്പെടുകയും, യാത്രാ തടസം അനുഭവപ്പെടുകയും ചെയ്യും. മാത്രമല്ല കെട്ടികിടക്കുന്ന മലിനജലം വീടുകളിലേക്കും മറ്റും ഒലിച്ചിറങ്ങുകയും ചെയ്യും.
റോഡ് ഉയർത്തി ഒാട നിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
തോട്ടുമുക്ക്-കന്നുകാലിവനം റോഡ് ടാറിംഗ് നടത്തുന്നതിനായി അടുത്തിടെ ഫണ്ട് അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല.