തിരുവനന്തപുരം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ നേമത്തും കിഴക്കേകോട്ടയിലും ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കുട്ടമല വടക്കേ കല്ലുവിളയിൽ ജിപിൻ ജോണിയാണ് (27) പിടിയിലായത്. ഫോർട്ട് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാപ്പനംകോട് ശ്രീവത്സം ആഡിറ്റോറിയത്തിന് സമീപം തുലവിള തോട്ടത്തുവിളാകത്ത് വീട്ടിൽ രമ്യയുടെ മൂന്ന് പവൻ മാലയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുവച്ച് മണക്കാട് ശ്രീവരാഹം സ്വദേശി രാജലക്ഷ്മിയുടെ ആറ് പവൻ മാലയും പൊട്ടിച്ചത് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റോടെ തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ നിരവധി മാല പിടിച്ചുപറി കേസുകൾ തെളിഞ്ഞു. ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളയുന്ന കേസുകൾ നഗരത്തിൽ തുടർച്ചയായതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക ഷാഡോ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണം നടന്ന പ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടാൻ അന്വേഷണം നടത്തിയെങ്കിലും ഇയാൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ വിവരങ്ങളല്ലാതെ മറ്റ് വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് വ്യത്യസ്‌ത രീതികളിൽ നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾ തൃശൂർ ജില്ലയിലെ മൂന്ന് മാല പിടിച്ചുപറിച്ച കേസുകളിലെ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സ്വന്തമായി ബൈക്കുള്ള പ്രതി സുഹൃത്തുക്കളുടെ ബൈക്ക് ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. വാഹനത്തിന്റെ നമ്പർ മനസിലാകാതിരിക്കാൻ നമ്പർ പ്ലേറ്റ് മറയ്‌ക്കും. മോഷ്ടിക്കുന്ന മാലകൾ പണയംവച്ച് ആഡംബരജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ച മാലകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും, ഇയാൾക്ക് സഹായികളുണ്ടോയെന്നും കൂടുതൽ സ്ഥലങ്ങളിൽ സമാനമായ മോഷണം നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണെന്നും ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു. ഡി.സി.പി ആർ. ആദിത്യ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി പ്രമോദ് കുമാർ, ഫോർട്ട് എ.സി പ്രതാപൻ നായർ, കൺട്രോൾ റൂം എ.സി ശിവൻസുതൻപിള്ള, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.