തമിഴ്നാട് ഭരണം സ്വപ്നം കാണുുന്ന ടി.ടി.വി. ദിനകരൻ കേന്ദ്രത്തിലും സ്വാധീനമുണ്ടാക്കാനാണ് ഈ തിരഞ്ഞടുപ്പോടെ ലക്ഷ്യമിടുന്നത്. കോൺഗ്രസിനൊപ്പം ചേരാനാണ് കൂടുതൽ താത്പര്യം. സാഹചര്യങ്ങൾ ഒത്തുവന്നാൽ ബി.ജെ.പിക്കൊപ്പം ചേരാനും മടിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഡി.എം.കെ ബന്ധം കോൺഗ്രസ് ഉപേക്ഷിച്ചാൽ മാത്രമേ കോൺഗ്രസിന് കേന്ദ്രത്തിൽ പിന്തുണ നൽകൂ എന്നാണ് ഏറ്റവും ഒടുവിലത്തെ നിലപാട്. തമിഴ്നാട് ഭരണം പിടിക്കാനും നിലനിറുത്താനുമായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലായിരുന്നു ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികളുടെ ശ്രദ്ധ മുഴുവൻ. പകുതി ലോക്‌സഭാ സീറ്റുകളിലാണ് ഇരുപാർട്ടികളും മത്സരിച്ചത്. ബാക്കി സഖ്യകക്ഷികൾക്കു നൽകുകയായിരുന്നു. ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകമാകട്ടെ രണ്ടു തിരഞ്ഞെടുപ്പിലും ഒരുപോലെ കരുത്തു കാട്ടാനാണ് ശ്രമിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുവരെ നേടാനാകുമെന്നാണ് കഴകത്തിന്റെ അവകാശവാദം. എന്നാൽ ദേശീയ പാർട്ടികളൊന്നും ദിനകരനുമായി അടുക്കുന്നതിന് പരസ്യമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല.