-pulwama

വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി കീഴാറ്റിങ്ങൽ എ.കെ നഗറിൽ അനൂപാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതി അവനവഞ്ചേരി ആർ.എസ് നിവാസിൽ കണ്ണപ്പൻ എന്ന രതീഷ് (32), രണ്ടാം പ്രതി ചിറയിൻകീഴ് തെക്കേ അരയത്തുരുത്തുവീട്ടിൽ ഷിബു എന്ന ശ്രീകണ്ഠൻ (36) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. തേമ്പാംമൂട്, ചാവറോട്, ഫസീന മൻസിലിൽ ഷാഫിയുടെ വീട്ടിൽ നിന്നുമാണ് 22 പവനും 10000 രൂപയും മോഷ്ടിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. മോഷണത്തെപ്പറ്റി പൊലീസ് പറയുന്നത്: ഒറ്റയ്‌ക്ക് മോഷണം നടത്തുന്നതാണ് രതീഷിന്റെ രീതി. ചാവറോഡ് വഴി ഇയാൾ നടന്നുവരുമ്പോൾ ആളില്ലാതെ അടഞ്ഞുകിടന്ന വീട് ശ്രദ്ധയിൽപ്പെട്ടു. വീടിന്റെ പിറക് വശത്തെത്തിയ രതീഷ് അവിടെയുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് കതകും ഗ്രില്ലും തുറന്ന ശേഷം അലമാര കുത്തിപ്പൊളിച്ച് പണവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ശ്രീകണ്ഠനെയും അനൂപിനെയും കൂട്ടി സ്വർണം ആറ്റിങ്ങലിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച് പണം വീതിച്ചെടുത്തു. ഇതിന് ശേഷം രണ്ടും മൂന്നും പ്രതികൾ ഗോവയിലേക്ക് പോയി. മൂന്ന് ദിവസം അവിടെ തങ്ങിയശേഷം 15ന് തിരികെയെത്തി. ഇതിനിടെ ഒന്നാം പ്രതിയുടെ സിസി ടിവി ദൃശ്യങ്ങൾ മോഷണം നടന്ന വീട്ടിൽ നിന്നു പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഒന്നാംപ്രതിയെ പിടികൂടുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ രണ്ടും മൂന്നും പ്രതികളെ കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ആറ്റിങ്ങൽ ഡി.വൈഎസ്.പി ഫേമസ് വർഗീസ് എന്നിവരുടെ നിർദ്ദേശപ്രകാരം വെഞ്ഞാറമൂട് സി.ഐ ജയകുമാർ, എസ്.ഐ തമ്പി കുട്ടി, ജി.എസ്.ഐമാരായ അജികുമാരൻ നായർ, ജയകുമാർ, സി.പി.ഒ സുധീഷ് ഷാഡോ പൊലീസ് എ.എസ്.ഐ ഫിറോസ്, സി.പി.ഒമാരായ റിയാസ്, ദീലീപ്, ബിജുകുമാർ, ജോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.