നേമം: നാളികേരത്തിനും അനുബന്ധ ഉത്പന്നങ്ങൾക്കും വില കുതിച്ചുയർന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉത്പദനവും വിപണനവും പൊടിപൊടിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ വിപണി അടക്കിവാഴാൻ ഇടനൽകിയതെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. സാധാരണക്കാർക്കും ഇടത്തര കച്ചവടക്കാർക്കും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ പ്രമുഖ ബ്രാൻഡുകളെ വെല്ലുന്ന തരത്തിലാണ് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തുന്നത്. ചുക്ഷണത്തിന് ഇരയാകുന്നവരിൽ അധികവും സാധാരണക്കാരാണ്. വ്യാജ വെളിച്ചെണ്ണകളിൽ അധികവും വിപണികളിൽ എത്തിച്ചെരുന്നത് പ്രമുഖ കമ്പനികളുടെ അപരനാമത്തിലാണെന്നുളളതാണ് യാഥാർത്ഥ്യം.
ഉപയോഗം കഴിഞ്ഞ് വാഹനങ്ങളിൽ നിന്നും ചോർത്തുന്ന കരി ഓയിൽ പ്രത്യേക ഊഷ്മാവിൽ തിളപ്പിച്ച ശേഷം തണുപ്പിച്ച് ആവശ്യമായ അളവിൽ വെളിച്ചെണ്ണയുടെ സുഗന്ധം ലഭിക്കുന്ന എസൻസുകളും ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ വെളിച്ചെണ്ണ അന്യ സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ കടന്ന് വൻതോതിൽ ടാങ്കർ ലോറികളിൽ കേരളത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വ്യജമായി നിർമ്മിക്കുന്ന വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിന് 40 രൂപ മുതൽ 50 രൂപ വരെ മാത്രമാണ് ചെലവ് വരുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന വ്യാജ വെളിച്ചെണ്ണ കേരളത്തിന്റെ വിപണിയിൽ എത്തിയാൽ കിലോയ്ക്ക് 175 മുതൽ 220 രൂപ വരെ ലഭിക്കും.
മുൻവർഷം സർക്കാർ ലാബുകളിൽ 65ഓളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകൾ പരിശോധിച്ചതിൽ 15 ന് മുകളിൽ ബ്രാൻഡുകളിൽ പാരഫിന്റെയും പാംകർണൽ ഓയിലിന്റെയും അമിത സാനിധ്യം കണ്ടെത്തിയിരുന്നു. വ്യാജൻമാരെ കണ്ടെത്തി നിറുത്തലാക്കിയെങ്കിലും വ്യാജ പാൽ ഉത്പാദനത്തെപോലെ തന്നെ വെളിച്ചെണ്ണ നിർമ്മാണം പൊടി പൊടിക്കുകയാണ്. എന്നാൽ നിർമ്മാണവും വില്പനയും തകൃതിയായിട്ടും അധികൃതർ മൗനം പലിക്കുന്നതായും പരക്കെ ആക്ഷേപമുണ്ട്.
എന്നാൽ നിരോധനം ഏർപ്പെടുത്തിയ പല കമ്പനികളും പുതിയ രൂപത്തിലും ഭാവത്തിലും പേരിലും തലപൊക്കിയതായാണ് വിവരം. പ്രമുഖ ബ്രാൻഡുകളുടെ വിലയെക്കാൾ 40 സതമാനത്തിന് മേൽ ലാഭമാണ് ഇത്തരത്തിൽ വ്യാജ വെളിച്ചെണ്ണ നിർമ്മാണ കമ്പനികൾക്ക് ലഭിക്കുന്നത്.
40 രൂപ വിലയുള്ള പാരഫിൻ ഓയിലും 30 പൂര വിലയുള്ള വൈറ്റ് ഓയിലും വെളിച്ചെണ്ണയുടെ സുഗന്ധം ലഭിക്കുന്ന എസൻസും ചേർത്ത് നിർമ്മിക്കുന്ന വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്തുന്നത് നാടൻ വെളിച്ചെണ്ണയുടെ അതേ വിലയിൽ തന്നെ. അമിതമായി വ്യാജൻമാർ വിപണി കൈയടക്കിയതോടെ ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ വിപണിയിൽ നിന്നും പുറം തള്ളപ്പെടുകയാണ്.