c-divakaran
c divakaran

 ഭരണപരിഷ്കാര കമ്മിഷനും വിമർശനം

 പറഞ്ഞത് വളച്ചൊടിച്ചെന്ന് പിന്നീട് വിശദീകരണം

തിരുവനന്തപുരം: വി.എസ് ഭരണകാലത്ത് മന്ത്രിസഭയിൽ ധനമന്ത്രിയോട് രൂക്ഷമായി തർക്കിച്ചെന്നും ഫയലെടുത്തെറിഞ്ഞെന്നും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും സി.പി.ഐ നേതാവുമായ സി. ദിവാകരൻ എം.എൽ.എയുടെ തുറന്നു പറച്ചിൽ. വി.എസ് അദ്ധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷൻ എന്ത് ചെയ്തെന്ന പ്രശ്നം താൻ ചെയർമാനായ നിയമസഭാ പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റി മുമ്പാകെ വന്നിട്ടുണ്ടെന്നും അതിനാൽ കമ്മിഷന്റെ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദിവാകരൻ പറഞ്ഞു.

മുന്നണി ഭരണത്തിൽ ഗുണവും ദോഷവുമുണ്ടെന്ന് സമർത്ഥിക്കാനാണ് സംഭവകഥ ദിവാകരൻ ഉദാഹരണമാക്കിയത്. ധനമന്ത്രിയെയും വി.എസിനെയും വിമർശിച്ചെന്ന വ്യാഖ്യാനവുമായി ദൃശ്യ മാദ്ധ്യമങ്ങളിൽ ഇത് വിവാദമായതോടെ വാർത്ത വളച്ചൊടിക്കപ്പെട്ടെന്ന വിശദീകരണവുമായി ദിവാകരൻ പിന്നീട് വാർത്താക്കുറിപ്പിറക്കി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച ഡി. സാജുവിനെ അനുസ്മരിക്കാൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ദിവാകരന്റെ പ്രസംഗം.

തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും പൂർണമായും നിഷേധിക്കുന്നതായും ദിവാകരൻ പിന്നീട് വാർത്താക്കുറിപ്പിൽ പറഞ്ഞു. പതിമ്മൂന്ന് വർഷം മുമ്പ് ധനവകുപ്പിൽ നിന്നുണ്ടായ അനുഭവമാണ് സൂചിപ്പിച്ചത്. നിയമസഭാ സമിതികളുടെ പ്രവർത്തനത്തിന് സഹായകരമാകാത്ത നിലപാടാണ് പലപ്പോഴും സർക്കാരിൽ നിന്നുണ്ടാകുന്നത്. ഈ വസ്തുതയാണ് ചൂണ്ടിക്കാണിച്ചത്. ആരെയും വ്യക്തിപരമായി പേരെടുത്ത് പറഞ്ഞിട്ടില്ല. മുന്നണി സംവിധാനത്തിൽ ഗുണവും ദോഷവും ഉണ്ടെന്ന് പറഞ്ഞത് സത്യമാണ്. തെറ്റായ വാർത്ത വന്നതിൽ ഖേദിക്കുന്നുവെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.

ധനമന്ത്രിക്ക് കൊമ്പുണ്ടോ?

സി. ദിവാകരന്റെ പ്രസംഗം ഇങ്ങനെ: 'മന്ത്രിയും വകുപ്പും തന്റേതായാലും കാബിനറ്റിൽ ആ വകുപ്പിന്റെ ഒരു കാര്യം വച്ചാൽ അംഗീകരിക്കില്ല. കാബിനറ്റിനകത്ത് തർക്കങ്ങൾ വരും. ഒന്നാന്തരമായി കാബിനറ്റിൽ തർക്കിച്ച ഒരുത്തനാണ് ഞാൻ. ഫയൽ വരെ എടുത്തെറിഞ്ഞിട്ടുണ്ട്. ശമ്പളകമ്മിഷന്റെ കാര്യത്തിലായിരുന്നു അത്. ധനകാര്യ മന്ത്രിയുടെ മുമ്പിൽ ഇയാൾക്ക് കൊമ്പൊന്നുമില്ലെന്ന് പറഞ്ഞു. ഞാനും മന്ത്രിയാണ്. ഓരോരുത്തർക്കും ഓരോ വകുപ്പ് കൊടുത്തിട്ടുണ്ട്. ധനകാര്യവകുപ്പിന് എല്ലായിടത്തും കേറി മേയാനുള്ള എന്തധികാരമാണ്. റൂൾസ് ഒഫ് ബിസിനസിൽ ഞാൻ വായിച്ചിട്ടൊന്നും കണ്ടില്ല. ഇതാണോ ഭരണപരിഷ്കാരം. അതിന് സെക്രട്ടേറിയറ്റ് മാന്വൽ മതി. ജി.ഒ മതി. അച്യുതാനന്ദൻ അദ്ധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മിഷൻ മൂന്ന് റിപ്പോർട്ട് കൊടുത്തതായി വായിച്ചു. അത് ഞാൻ ആവശ്യപ്പെടാൻ പോവുകയാണ്. അവരെന്ത് ചെയ്തെന്ന വിഷയം പി.യു.സിയിൽ വന്നിട്ടുണ്ട് '.