നെടുമങ്ങാട്: താലൂക്കോഫീസ് ഉൾപ്പടെ ഇരുപതിലേറെ സർക്കാരോഫീസുകൾ സ്ഥിതി ചെയ്യുന്ന നെടുമങ്ങാട് റവന്യു ടവറിനു മുന്നിലെ അനധികൃത വാഹന പാർക്കിംഗിന് പിടിവീഴുന്നു. ഔദ്യോഗിക വാഹനങ്ങൾ കുരുക്കിൽപ്പെട്ട് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുന്നത് പതിവായതോടെയാണ് അനധികൃത പാർക്കിംഗുകാരെ പൊക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി റവന്യു ടവറിൽ പ്രവർത്തിക്കുന്ന 22 സർക്കാരോഫീസുകളിലെ ഔദ്യോഗിക വാഹനങ്ങളുടെ വിവരം ശേഖരിച്ചു തുടങ്ങി. ഇതിനു പുറമേ, ഇവിടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ കണക്കെടുപ്പും നടക്കുന്നുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സന്ദർശിച്ച ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) പ്രസന്നകുമാരിയുടെ കാറിനു പിന്നിൽ തഹസിൽദാർ ജീപ്പിട്ട് വഴിമുടക്കിയെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഇടപെട്ടാണ് പാർക്കിംഗ് നിയന്ത്രണത്തിന് ക്രമീകരണം ഏർപ്പെടുത്തുന്നത്. ബഹുനില മന്ദിര സമുച്ഛയമായ റവന്യു ടവറിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ 11 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
റവന്യു ടവറിന്റെ ഉടമസ്ഥാവകാശമുള്ള സംസ്ഥാന ഭവന ബോർഡിനോട് പരാധീനതകൾ പരിഹരിക്കാൻ ജില്ലാകളക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭവനബോർഡ് ഡയറക്ടർ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലും മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേഷ് രാജും നെടുമങ്ങാട് റവന്യു ടവർ സന്ദർശിച്ചു. ഡെപ്യുട്ടി തഹസിൽദാർ, ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ, ഭവന ബോർഡ് അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ, സ്വകാര്യ സ്ഥാപനങ്ങളുടെ സംഘടന (മർച്ചന്റ് അസോസിയേഷൻ) പ്രതിനിധികൾ എന്നിവരുൾപ്പെട്ട മാനേജിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേർത്തു. സർക്കാരോഫീസ് വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് യാർഡ് ഒരുക്കാനും മറ്റു വാഹനങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനും ഭവന ബോർഡിനോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. പാർക്കിംഗ് നിയന്ത്രണത്തിനും ശുചീകരണത്തിനും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാനും തീരുമാനമായി.
രണ്ടായിരത്തോളം പേർ പണിയെടുക്കുന്ന റവന്യു ടവറിൽ അയ്യായിരത്തിലേറെ സന്ദർശകർ പലതരം ആവശ്യങ്ങൾക്കായി നിത്യവും വന്നുപോകുന്നുണ്ട്. സന്ദർശക വാഹനങ്ങൾക്ക് പുറമെ അന്യ വാഹനങ്ങളും ഇവിടെ പാർക്കിംഗിന് എത്തും. തലസ്ഥാനത്ത് ജോലിയുള്ളവരും നെടുമങ്ങാട്ടെ മറ്റു കേന്ദ്രങ്ങളിൽ ജോലിയുള്ളവരും റവന്യു ടവർ വളപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്തു പോവുകയാണ് പതിവ്. ഇതിനുള്ള സൗകര്യം ഇവിടെയില്ല. നാമമാത്രമായ സ്ഥലമാണ് വാഹന പാർക്കിംഗിനുള്ളത്. അന്യവാഹനങ്ങൾ ഇവിടം കൈയടക്കുന്നതോടെ റവന്യു ടവറുമായി ബന്ധമുള്ളവരുടെ വാഹനങ്ങൾ പൊതുനിരത്തിൽ ഇടേണ്ട അവസ്ഥയാണ്. ആറു മാസമായി റവന്യു ടവറിൽ പകൽ സെക്യൂരിറ്റിയോ വാഹന നിയന്ത്രണ സംവിധാനങ്ങളോയില്ല.