തിരുവനന്തപുരം : പക്ഷപാതപരമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റുപ്പെടുത്തി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ്. ആദ്യം നാല് ബൂത്തുകളിലും പിന്നീട് മൂന്ന് ബൂത്തുകളിലുമാണ് റി പോളിംഗ് പ്രഖ്യാപിച്ചത്. മൂന്ന് ബൂത്തുകളിലെ റീ പോളിംഗ് പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് വന്നത്. വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിനുള്ള സമയവും തീർന്നു. രണ്ട് മണിക്കൂർ സമയമാണ് പ്രചാരണത്തിന് ലഭിച്ചത്. ആരുടെയോ സമ്മർദത്തിന് വിധേയമായാണ് തിരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത്. ഏഴ് ബൂത്തുകളിലും ഒന്നിച്ചുതന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമായിരുന്നു. മൂന്ന് ബൂത്തുകളിൽ അവസാന നിമിഷം ധൃതിപിടിച്ച് റീപോളിംഗ് പ്രഖ്യാപിച്ചത് വിദൂര സ്ഥലങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.