may18e

ആറ്റിങ്ങൽ: പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്മ സഹപാഠിക്ക് വീടൊരുക്കി. തോന്നയ്ക്കൽ ഗവ. ഹൈസ്കൂളിലെ 1990 ബാച്ചിലെ പത്താംക്ലാസ് വിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്മയാണ് തങ്ങൾക്കൊപ്പം പഠിച്ച കല്ലൂർ സ്വദേശിയായ സോഫിയയ്ക്ക് വീടു വച്ചു കൊടുത്ത് മാതൃകയായത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സോഫിയയുടെ വിവരം അറിഞ്ഞ് കൂട്ടായ്മ സ്വമേധയാ വീടൊരുക്കാൻ തയ്യാറാകുകയായിരുന്നു. സോഫിയയുടെ ഭർത്താവ് സുരേഷ് കുമാർ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ കടക്കെണിയിലായ സോഫിയയും കുടുംബവും ഒരുഷെഡിലാണ് അന്തിയുറങ്ങിയിരുന്നത്. അടുത്തിടെ സുരേഷ് കുമാർ മരണമടയുകയും ചെയ്തു. ചെമ്പകമംഗലം കൈലാത്തുകോണത്ത് പൂർത്തിയാക്കിയ സോഫിയയ്ക്കായുള്ള വീടിന്റെ താക്കോൽ ദാനം 20 ന് രാവിലെ 9.30 ന് നടക്കും. അന്നത്തെ അദ്ധ്യാപകൻ ജലീലാണ് താക്കോൽ നൽകുന്നത്.

വിദേശത്ത് ഉൾപ്പെടെ ജോലി ചെയ്യുന്ന 120 അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. വേങ്ങോട് സ്വദേശി സിമി,​ തോന്നയ്ക്കൽ സ്വദേശി പ്രിയ എന്നിവരാണ് ഇതിന്റെ അഡ്മിൻമാർ. അർഹരായവർക്ക് സഹായം എത്തിക്കുകയും സൗഹൃദം നിലനിറുത്തുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഇവർ പറഞ്ഞു.