plus-one-

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നാളെയും ആദ്യ അലോട്ട്‌മെന്റ് 24നും പ്രസിദ്ധീകരിക്കും. രണ്ടാമത്തെ അലോട്ട്മെന്റ് 29നാണ്. ഇത്തവണ ആകെ 4,99,030 അപേക്ഷകരാണുള്ളത്. ഇവരുടെ വെരിഫിക്കേഷൻ നടപടികൾ സ്‌കൂളുകളിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

3,61,763 പ്ലസ് വൺ സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വർദ്ധനയ്ക്ക് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതേ മാതൃകയിൽ ഇത്തവണയും 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആദ്യ അലോട്ട്‌മെന്റിന് മുൻപ് സീറ്റ് വർദ്ധന നടപ്പാക്കാൻ കഴിയില്ല. ഈ മാസം അവസാനത്തോടെ ഈ വർഷത്തെ അധിക സീറ്റ് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പ്രധാന അലോട്ട്മെന്റിൽ പ്രവേശനം സാദ്ധ്യമാകാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനു മുമ്പ് സീറ്റ് വർദ്ധിപ്പിക്കുന്നതോടെ പ്രവേശനം സാദ്ധ്യമാകും.

ജൂൺ 3ന് മുമ്പ് രണ്ട് പ്രധാന അലോട്ട്‌മെന്റുകളും പൂർത്തിയാക്കി 3ന് ക്ലാസ് ആരംഭിക്കും. തുടർന്ന്, ജൂലായ് അഞ്ചിനകം രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ കൂടി നടത്തും. സേ പരീക്ഷാഫലം കൂടി കണക്കിലെടുത്താണിത്. പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഇക്കുറി പരമാവധി കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.