തിരുവനന്തപുരം: സ്വന്തം വിലാസത്തിലല്ലാതെ അയച്ച പോസ്റ്റൽ ബാലറ്റുകൾ തിരികെ ലഭിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാല് പൊലീസുകാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്.
ഇന്ത്യാ റിസർവ് ബറ്റാലിയനിലെ മണിക്കുട്ടൻ ഉൾപ്പെടെ നാല് പൊലീസുകാരുടെ ബാലറ്റുകൾ പൊലീസ് അസോസിയേഷൻ ഇടപെട്ട് വിലാസം മാറ്റി അയപ്പിച്ചു എന്നാണ് പരാതി. വട്ടപ്പാറ സ്വദേശി മണിക്കുട്ടന്റെ വിലാസത്തിൽ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് കൂട്ടത്തോടെ എത്തിയിരുന്നു. വിവാദമായതോടെ പോസ്റ്റ് ഓഫീസ് അധികൃതർ ബാലറ്റ് തിരിച്ചയച്ചു. ഈ ബാലറ്റുകൾ തിരികെ കിട്ടണമെന്നാണ് പൊലീസുകാരുടെ ആവശ്യം.
ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ഐ.ആർ ബറ്റാലിയനിലെ ഈ നാലുപേരെയും തിരിച്ചുവിളിച്ചിരുന്നു. ഇന്നലെ നാട്ടിലെത്തിയാണ് ഇവർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. മറ്റ് സംസ്ഥാനങ്ങളിൽ സുരക്ഷാചുമതലയുള്ളതിനാൽ തന്റെ പോസ്റ്റൽ ബാലറ്റ് ശേഖരിക്കാൻ ഭാര്യയ്ക്ക് സമ്മതപത്രം നൽകിയിരുന്നെന്ന് മണിക്കുട്ടന്റെ പരാതിയിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് മണിക്കുട്ടന്റെ വിലാസത്തിൽ പോസ്റ്റൽ ബാലറ്റ് അയയ്ക്കാൻ അപേക്ഷ നൽകിയതെന്നാണ് മറ്റുള്ളവരുടെ വാദം. പോസ്റ്റൽ ബാലറ്റുകൾ നൽകണമെന്ന് വാട്സ്ആപ് സന്ദേശമയച്ച കമാൻഡോ വൈശാഖിനെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ശേഷിക്കുന്ന 4 പേർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതി നൽകിയത്.