choola

പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ പഞ്ചായത്തിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഉപജീവന മാർഗ്ഗവും കുലത്തൊഴിലുമായിരുന്ന ഇഷ്ടിക നിർമ്മാണം തകരാൻ തുടങ്ങിയതോടെ തൊഴിലാളികളുടെ ജീവിതവും തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ചെങ്കൽ, വ്ലാത്താങ്കര, വട്ടവിള, ആവണക്കിൻവിള, പിരായുംമൂട്, കാഞ്ഞിരംമൂട് കടവ്, കുന്നൻവിള, അമരവിള, ഓലത്താന്നി തുടങ്ങിയ ഭാഗങ്ങളിലായി ഇരുന്നൂറിലധികം ഇഷ്ടികചൂളകളാണ് പ്രവർത്തിച്ചിരുന്നത്. ഏകദേശം രണ്ടായിരത്തിലധികം തൊഴിലാളികൾ ഉപജീവനമാർഗത്തിനായി ആശ്രയിച്ചിരുന്നതും ഈ ഭാഗങ്ങളിലെ ഇഷ്ടിക കളങ്ങളെയായിരുന്നു. എന്നാൽ വട്ടവിള, കുന്നൻവിള, പിരായുംമൂട്, കാഞ്ഞിരംമൂട് കടവ് തുടങ്ങിയ ഭാഗങ്ങളിലായി വെറും പത്തിനകത്ത് ഇഷ്ടിക ചൂളകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നാടൻ ഇഷ്ടികകൾക്ക് ആവശ്യക്കാർ കുറഞ്ഞതും ചൂള ഉടമകൾക്ക് വരുമാനമില്ലാതായതും ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. നാടൻ കല്ലിന്റെ ആവശ്യക്കാർ കുറഞ്ഞ് കാരണം മുതൽമുടക്ക് പോലും ലഭിക്കാതായി. വരുമാനമാർഗ്ഗം കുറഞ്ഞതോടെ വായ്പ എടുത്തും കടം വാങ്ങിയും ചൂള നടത്തി വന്നിരുന്ന പല വ്യവസായികളും വായ്പാതുക തിരിച്ചടക്കാനാകാതെ ഇഷ്ടിക ചൂളകൾ അടച്ചു പൂട്ടി. ഒപ്പം തുച്ഛമായ വരുമാനത്തിൽ പൊരിവെയിലത്തും ചുട്ടുപഴുത്ത ചൂളകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് പിടിച്ചു നിൽക്കാനാവാതെ മറ്റ് ജോലികൾ തേടി പോയതും ചൂളയുടെ പ്രവർത്തനത്തെ ബാധിച്ചു.

പലരും പാരമ്പര്യമായി നടത്തികൊണ്ടു വരുന്ന വ്യവസായം അന്യം നിന്ന് പോകരുതെന്ന് നിലപാടിലാണ് ഇപ്പോഴും ചൂളകൾ പ്രവർത്തിപ്പിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികൾക്കായി കളിമൺ പോട്ടറി പരിശീലനം നൽകുകയാണെങ്കിൽ തൊഴിലാളികൾക്ക് നൂതന രീതിയിലുള്ള ഡിസൈൻഓട്, ഫ്ളോർ ടൈൽസ്, വിവിധ മോഡലുകളിലെ ചെടിച്ചട്ടികൾ മുതലായവ നിർമ്മിക്കുവാനുള്ള കരവിരുത് നേടാൻ കഴിയുന്നതും ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളികളെയും ഒപ്പം ഈ വ്യവസായത്തെയും സംരക്ഷിക്കുന്നതിന് കഴിയുന്നതാണ്.