തിരുവനന്തപുരം: ദുബായിൽ നിന്നുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പിന്നാലെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും ഡി.ആർ.ഐ ചോദ്യംചെയ്തു. പത്തോളം പേരെ ചോദ്യംചെയ്ത് വിട്ടയച്ചു. ഇവരെ കുറ്രവിമുക്തരാക്കിയിട്ടില്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ഡി.ആർ.ഐ അറിയിച്ചു. 25കിലോ സ്വർണം കടത്തിയ കഴിഞ്ഞ തിങ്കളാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും മൊഴി നൽകാൻ വിളിപ്പിച്ചു.
സ്വർണക്കടത്തിലെ മുഖ്യകണ്ണി സെറീനയുടെ ബ്യൂട്ടി പാർലറും അവിടേക്ക് റിക്രൂട്ട് ചെയ്തവരെയും ദുബായിൽ ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ഈ ബ്യൂട്ടിപാർലറിലാണ് പണമിടപാട് അടക്കം നടന്നിരുന്നത്. സന്ദർശക വിസയിൽ ദുബായിലെത്തിക്കുന്ന യുവതികളെ ഇവിടെ ജോലിചെയ്യിപ്പിച്ച ശേഷം സ്വർണം ഏൽപ്പിച്ച് തിരിച്ച് വിടുകയായിരുന്നു പതിവ്. ഇങ്ങനെ കാരിയർമാരായി നാൽപ്പതോളം യുവതികളെ ഉപയോഗിച്ചിട്ടുണ്ട്. ഇവരിൽ പതിവായി ദുബായിലെത്തി മടങ്ങിയ 15പേരെ ഡി.ആർ.ഐ കണ്ടെത്തി. ഫാഷൻ ഡിസൈനർ, ബ്യൂട്ടിഷ്യൻ ജോലിക്കുള്ള വിസയും നൽകിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുള്ള ദിവസങ്ങളിലായിരുന്നു കൂടുതൽ സ്വർണക്കടത്ത്. ഇവരിൽ മൂന്നുപേരുടെ വീടുകളിലാണ് ഡി.ആർ.ഐ പരിശോധന നടത്തിയത്. സംഘത്തിൽ കണ്ണിയായിരുന്ന മുരുക്കുംപുഴ സ്വദേശിനി അന്വേഷണവുമായി സഹകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവരെ മാപ്പുസാക്ഷിയാക്കി കേസ് ബലപ്പെടുത്താനും ഡി.ആർ.ഐ ആലോചിക്കുന്നുണ്ട്.
ഒളിവിൽ കഴിയുന്ന സൂത്രധാരൻ തിരുവനന്തപുരത്തെ അഭിഭാഷകൻ ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 24ന് പരിഗണിക്കും. നാല് തവണ സ്വർണം കടത്തിയെന്ന് കണ്ടെത്തിയതോടെ ബിജുവിന്റെ ഭാര്യ വിനീതയെ അറസ്റ്റ് ചെയ്തിരുന്നു. ബിജുവിന്റെ കൂട്ടാളികളായ വിഷ്ണു, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിത്തു എന്നിവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എത്തിയ ഒമാൻ എയർവേയ്സിൽ 25കിലോ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവരും റിമാൻഡിലാണ്.