തിരുവനന്തപുരം: കളളവോട്ട് നടന്ന കണ്ണൂർ,കാസർകോട് ലോക്സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന്
റീപോളിംഗ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മഷി പുരട്ടുന്നത് ചൂണ്ടുവിരലിനു പകരം നടുവിരലിലായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
റീപോളിംഗ് ഇന്ന് നടക്കാനിരിക്കെ പർദ്ദയുടെ പേരിലെ പുതിയ വിവാദത്തിന് തടയിടാൻ വനിതാ സഹായിയെ നിയോഗിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.വോട്ടർമാർ പർദ്ദ ധരിച്ചെത്തുന്നത് തടയാനാവില്ല. എന്നാൽ വോട്ടറെ തിരിച്ചറിയേണ്ടത് ഒന്നാം പോളിംഗ് ഓഫീസറുടെ ചുമതലയാണ്. അതിന് ആവശ്യമെങ്കിൽ ഒരു വനിതാ സഹായിയെ നിയോഗിക്കാം. വരണാധികാരിയാണ് ഇത് തീരുമാനിക്കേണ്ടത്. വില്ലേജ് ഉദ്യോഗസ്ഥർ, അംഗനവാടി ടീച്ചർ, സ്കൂൾ ടീച്ചർ തുടങ്ങി ആരെ വേണമെങ്കിലും നിയോഗിക്കാം.
പർദ്ദയിട്ടവരെ തിരച്ചറിയുന്നതിൽ സംശയമുണ്ടെങ്കിൽ പോളിംഗ് ഏജന്റുമാർക്ക് അത് ഉന്നയിക്കാം. അതും പോളിംഗ് ഓഫീസർ പരിഹരിക്കണം.നേരത്തേ കള്ളവോട്ടു ചെയ്ത കേസിൽ പിടിക്കപ്പെട്ടവരെ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കില്ല.
റീപോളിംഗ് കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷാസംവിധാനം ഒരുക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒരു ഡിവൈ.എസ്.പി.ക്കാണ് ഓരോ ബൂത്തിലും സുരക്ഷാ ചുമതല.
കാസർകോട് തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48, കൂളിയോട് ജി.എച്ച്.എസ് ന്യൂ ബിൽഡിംഗ്, കണ്ണൂർ ധർമ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോർത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത്, കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക്, കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവിടങ്ങളിലാണ് റീ പോളിംഗ് നടക്കുന്നത്. .