loksabha-election-

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 23ന് രാവിലെ എട്ടിന് തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിയോടെ ഫലം അറിയാം. എന്നാൽ ഒൗദ്യോഗിക പ്രഖ്യാപനം രാത്രി പത്തു മണിവരെ നീളും. വിവിപാറ്റ് സ്ളിപ്പുകൾ കൂടി എണ്ണുന്നത് കൊണ്ടാണിതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒാരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണും. ഇതിന് അഞ്ചു മണിക്കൂറോളം വേണം. എണ്ണാനുള്ള വിവിപാറ്റുകൾ റിട്ടേണിംഗ് ഓഫീസർ നറുക്കിട്ടെടുക്കും. അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകെ ഒന്നായാകും എണ്ണുക. നോട്ട് എണ്ണുന്നതിൽ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ ഇതിന് നിയോഗിക്കും. കനം കുറഞ്ഞ കടലാസായതിനാൽ എണ്ണം തെറ്റാനിടയുണ്ട്. അതിനാൽ ഓരോ മെഷീനിലെ രസീതുകളും മൂന്ന് തവണ എണ്ണും. വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീതുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റുകൾ എണ്ണിയ ഫലമാകും പരിഗണിക്കുക.

23ന് രാവിലെ എട്ടു വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണും. തപാൽ വോട്ടിനെക്കാൾ കുറവാണ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽ വോട്ടുകൾ വീണ്ടും എണ്ണും.

സുരക്ഷ പഴുതടച്ച്

വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മതിലിന് പുറത്തുള്ള 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസും മതിലിനുള്ളിലും വോട്ടെണ്ണുന്ന ഹാളിലും പൊലീസിന്റെ സായുധ സേനയും സുരക്ഷ ഒരുക്കും. ഗേറ്റിലെ സുരക്ഷ സി.ആർ.പി.എഫിനാണ്. സ്ഥാനാർത്ഥി, കൗണ്ടിംഗ് ഏജന്റുമാർ, ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുള്ളൂ.

ഫലമറിയാൻ ഡിജിറ്റൽ സംവിധാനം

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ സൈറ്റ്, എൻ.ഐ.സിയുടെ ട്രെൻഡ് സൈറ്റ് എന്നിവയിൽ ഫലം അപ്പപ്പോൾ അറിയാം. ഒാരോ റൗണ്ട് എണ്ണിത്തീരുമ്പോഴും സുവിധയിലും ട്രെൻഡിലും അത് അപ്‌ലോഡ് ചെയ്യും. തുടർന്നാണ് രണ്ടാം റൗണ്ട് എണ്ണുക. ഒരു മണ്ഡലത്തിൽ പതിന്നാല് റൗണ്ടുകൾ വരെയുണ്ടാകും.

വോട്ടെണ്ണൽ ഇങ്ങനെ

 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

 ഒാരോ കേന്ദ്രത്തിലും 14 ടേബിളുകൾ

 ഒരു ടേബിൾ തപാൽ വോട്ടിന്

 ഒരു റൗണ്ട് എണ്ണിത്തീരാൻ 45 മിനിട്ട്

 ആദ്യ ട്രെൻഡ് രാവിലെ 9 മണിയോടെ

 യന്ത്രത്തിലെ എണ്ണലിന് ശേഷം വിവിപാറ്റ്