nss-programme

പാറശാല: വിഷ രഹിത കറിവേപ്പിലയിൽ ഒരു ഗ്രാമം മുഴുവൻ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീമിന്റെ ധനുവച്ചപുരം ഗവ.ഐ.ടി.ഐ യൂണിറ്റ് നടപ്പിലാക്കിയ 'ഒരു വീടിന് ഒരു കറിവേപ്പ് ' എന്ന പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. ധനുവച്ചപുരം ഗവ.ഐ.ടി.ഐ ദത്തു ഗ്രാമമായി തിരഞ്ഞെടുത്ത ധനുവച്ചപുരം വാർഡിലെ മുഴുവൻ വീടുകളിലും കറിവേപ്പില തൈ സൗജന്യമായി നട്ടു വളർത്തുക എന്നതാണ് പദ്ധതി. പാറശാല മണ്ഡലത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ നടപ്പിലാക്കിയ 'തളിര് ' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ധനുവച്ചപുരം ഗവ.ഐ.ടി.ഐ യിലെ ഒരു ഇൻസ്ട്രക്ടറും മൂന്നു വിദ്യാർത്ഥികളും അടങ്ങുന്ന ഇരുപത് ടീം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കിയ പരിപാടിയിൽ ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവും നടന്നു. നാട്ടുകാരിൽ കറിവേപ്പിലയുടെ വിവിധ തരത്തിലുള്ള ഉപയോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് അംഗം വി.ടി. സൗമ്യ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. ഹരിലാൽ, വൈസ് പ്രിൻസിപ്പാൾ ജയകുമാരൻ ചെട്ടിയാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.