തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൽട്ട് പരിശോധിക്കാൻ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകിയാൽ മതി. അപേക്ഷകർക്കുള്ള നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. ട്രയൽ റിസൾട്ട് 21വരെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. സ്‌കൂളുകളിൽ നിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. ട്രയൽ അലോട്ട്‌മെന്റിന് ശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ മേയ് 21ന് വൈകിട്ട് 4ന് മുമ്പ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളിൽ സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇനിയും കൗൺസിലിംഗിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാതല കൗൺസലിംഗ് സമിതിക്ക് മുന്നിൽ 21നകം പരിശോധനക്ക് ഹാജരാക്കി റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിലുൾപ്പെടുത്തണം.
ഓൺലൈൻ അപേക്ഷ അന്തിമമായി സമർപ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകൾ സമർപ്പിക്കാത്തവർക്ക് അവ എതെങ്കിലും സർക്കാർ,​എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കുന്നതിന് അവസാന അവസരം നൽകുന്നു. 21ന് വൈകിട്ട് നാലിനുള്ളിൽ അത്തരം അപേക്ഷകർ അനുബന്ധരേഖകൾ സഹിതം വെരിഫിക്കേഷനായി സമർപ്പിക്കണം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് ബ്രോഡ്ബാൻഡ്ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.