തിരുവനന്തപുരം: സർക്കാർ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പി.ടി.എ ഫീസ് 100 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന നിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രധാനാദ്ധ്യാപകർക്ക് കൈമാറി. 100 രൂപയിൽ കൂടുതൽ പി.ടി.എ ഫീസ് വാങ്ങിയതായി പരാതി ഉയർന്നാൽ കർശന നടപടി സ്വീകരിക്കും. 2007ലെ സർക്കാർ ഉത്തരവ് അനുസരിച്ച് പി.ടി.എ ഫണ്ടിലേക്ക് 100 രൂപയിൽ കൂടുതൽ വാങ്ങുന്നത് കുറ്റകരമാണ്.
പഠനസംബന്ധമായ ആവശ്യങ്ങൾക്കായി എൽ.പി വിഭാഗത്തിൽ 20 രൂപയും, യുപിയിൽ 50 രൂപയും ഹൈസ്‌കൂൾ വിഭാഗത്തിൽ 100 രൂപയുമാണ് പരമാവധി പി.ടി.എ ഫണ്ടായി സ്വീകരിക്കാവുന്ന തുക.
ജൂൺ മൂന്നിന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഓടിട്ട കെട്ടിടങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും ശ്രദ്ധ വേണമെന്നും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തുക സ്‌കൂൾ ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രധാനാദ്ധ്യാപകർക്ക് നിർദേശം നൽകി.