തിരുവനന്തപുരം : അന്തർദേശീയ ഒളിമ്പിക് ദിനമായ ജൂൺ 23ന് നടക്കാനിരിക്കുന്ന ഒളിമ്പിക് ദിനാഘോഷങ്ങൾ സംസ്ഥാനത്ത് വിപുലമായി ആചരിക്കാനായി സംഘാടക സമിതി രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നടൻ മോഹൻലാൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ഗുഡ്‌വിൽ അംബാസഡറാകും.
ഒളിമ്പിക് ദിനത്തിൽ സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളിലുമായി അഞ്ചുലക്ഷത്തിലധികം കായിക പ്രേമികൾ പങ്കെടുക്കുന്ന കൂട്ടഒാട്ടം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസൽ അംഗം വി.എൻ. പ്രസൂദ്, കെ.ഒ.എ വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം പി. ശശിധരൻ നായർ, അർജുന അവാർഡ് ജേതാക്കളായ പത്മിനി തോമസ്, കെ.സി. ഏലമ്മ, ഗീതു അന്ന ജോസ്, ലേഖ തുടങ്ങിയവർ സംസാരിച്ചു. കായിക രംഗത്തെ പ്രമുഖകർക്ക് പുറമേ ആർമി, എയർഫോഴ്സ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, എൻ.സി.സി, നാഷണൽ സർവീസ് സ്കീം, സംസ്ഥാന പൊലീസ്, കെ.എസ്.ഇ.ബി, സംസ്ഥാന ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.