കല്ലറ: യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തുവിട്ട യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ വെള്ളംകുടി അഖിൽ ഭവനിൽ പുഷ്പരാജൻ - ലൈജ ദമ്പതികളുടെ മകൻ അഖിൽ രാജാണ് (24) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
കഴിഞ്ഞ ദിവസം കല്ലറ സ്വദേശിയായ പെൺകുട്ടി അഖിൽരാജ് തന്നെ
ശല്യപ്പെടുത്തുന്നതായി കാട്ടി പാങ്ങോട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഖിൽ രാജിനേയും പെൺകുട്ടികളുടെ രക്ഷകർത്താക്കളേയും ഇന്നലെ രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. പെൺകുട്ടിയെ ഇനി ശല്യം ചെയ്യില്ല എന്ന ഉറപ്പ് ലഭിച്ചതോടെ പെൺകുട്ടിയുടെയും അഖിൽരാജിന്റേയും ബന്ധുക്കൾ തമ്മിൽ ധാരണയാവുകയും യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. വീട്ടിലെത്തിയ അഖിൽ വീട്ടിലുണ്ടായിരുന്നവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം നോക്കി മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
സഹോദരി ആർച്ച.