01

പോത്തൻകോട്: ബസ് ടെർമിനലിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ പോത്തൻകോട് ജംഗ്‌ഷനിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനെത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈപാസ് റോഡിൽ നിന്ന് ബസ് ടെർമിനലിലേക്ക് വലതുവശം തിരിഞ്ഞു കേറുന്നതിനിടെ വലതുഭാഗത്തുകൂടി വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ ദൂരേക്ക് തെറിച്ച്‍വീഴുകയും ബൈക്ക് ബസിനടിയിൽപ്പെടുകയുമായിരുന്നു. നിസാര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബസിന്റെ ഡ്രൈവർ ഇറങ്ങിയോടി. സിഗ്നൽ ഇല്ലാതെയാണ് ബസ് വലത്തോട്ട് തിരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റാൻ പൊലീസെത്താൻ വൈകിയത് ഗതാഗതക്കുരുക്കിന് കാരണമായി.