office

തിരുവനന്തപുരം: വിരമിക്കുന്ന ദിവസം തന്നെ പെൻഷനും ആനുകൂല്യവും കിട്ടുന്നത് തടയുന്ന ചുവപ്പുനാട സംവിധാനം ഒഴിവാക്കാനും മനഃപൂർവം കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാർ തീരുമാനം. 2002 മുതൽ പലതവണ സർക്കാർ ഇടപെട്ടിട്ടും പെൻഷനാകുന്നവരിൽ പലർക്കും ആനുകൂല്യം ലഭിക്കാൻ കാലതാമസം വരുന്നെന്ന പരാതികളെ തുടർന്നാണ് പുതിയ ഇടപെടൽ. ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവും കാരണമായി.

ശമ്പള വിതരണത്തിനുള്ള സ്പാർക്ക്, പെൻഷൻ വിതരണത്തിനുള്ള പ്രിസം സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ സംവിധാനമൊരുക്കുന്നത്. സ്പാർക്കിൽ ശമ്പള വിവരങ്ങൾ പ്രതിമാസം കൊടുക്കുന്ന തരത്തിൽ പെൻഷനാകുന്നവരുടെ വിവരങ്ങളും നൽകും. ഒാരോ വകുപ്പും അതത് വർഷം ജനുവരിയിലും ജൂലായിലും പെൻഷനാകുന്നവരുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി നൽകണം. അടുത്ത ആറു മാസത്തിനുള്ളിൽ ഇവരുടെ ആനുകൂല്യ വിതരണത്തിലുള്ള തടസങ്ങൾ തീർക്കണം.

അച്ചടക്ക നടപടി, കേസുകൾ എന്നിവയാണ് പെൻഷൻ ആനുകൂല്യത്തിന് തടസം. അച്ചടക്ക നടപടിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം. വിചാരണ തുടങ്ങിയില്ലെങ്കിൽ കേസുള്ളതായി കണക്കാക്കേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആനുകൂല്യ വിതരണത്തിന് മനഃപൂർവം കാലതാമസമുണ്ടാക്കുകയും പെൻഷൻകാരൻ കോടതിയെ സമീപിച്ച് പലിശ സഹിതം ആനുകൂല്യം വാങ്ങിയെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇൗ നഷ്ടം ഉത്തരവാദിയായ ഉദ്യോഗസ്ഥനിൽ നിന്ന് ഇൗടാക്കും.

എയ്ഡഡ് അദ്ധ്യാപകരുടെ പെൻഷൻ കാര്യത്തിൽ അക്കാഡമിക് വർഷം പൂർത്തിയാകും വരെ കാത്തിരിക്കാതെ ആറു മാസത്തിനകം പേപ്പർ ജോലികൾ തുടങ്ങണം. ശമ്പള പരിഷ്കരണം കാത്തിരിക്കാതെ അപേക്ഷിക്കുന്ന സമയത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പെൻഷൻ പേപ്പറുകൾ നീക്കണം. പിന്നീട് അവസാനം വാങ്ങുന്ന ശമ്പളം ഉൾപ്പെടുത്തിയാൽ മതിയെന്നും നിർദ്ദേശം നൽകും.