കോതമംഗലം: ബന്ധുക്കളോടെപ്പം വിനോദ സഞ്ചാരത്തിനായി തട്ടേക്കാട് എത്തിയ പ്ളസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു. നെടുമ്പാശേരി ചൊവ്വര നെടുവണ്ണൂർ ആറ്റിക്കുടി ബിജു നിവാസിൽ ബിജുവിന്റെ മകൾ ശ്വേത ബിജു ( I6) ആണ് തട്ടേക്കാട് വനത്തിനുള്ളിലെ കിളിക്കൂട് റിസോർട്ടിന് സമീപത്തെ കുളിക്കടവിൽ അപകടത്തിൽപ്പെട്ടത്.
കോതമംഗലം ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്ന തട്ടേക്കാട് ചേലമലയ്ക്ക് അടുത്ത് വനത്തിന് ഉള്ളിലാണ് റിസോർട്ട്. ഇവിടം പെരിയാർവാലി ജലസേചന പദ്ധതിയുടെ കാച്ച്മെന്റ് ഏരിയ ആയതിനാൽ എപ്പോഴും നിറയെ വെള്ളം ഉണ്ടാകും. കൂടെ കുളിക്കാനിറങ്ങിയ കുട്ടി പുഴയിലേക്ക് നീന്തി പോയപ്പോപോൾ പിടിക്കുവാനായി പോയതാണ് നീന്തൽ വശമില്ലാത്ത ശ്വേത. വനപാലകരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് ബിജു തൊഴിലാളി ക്ഷേമനിധി ഓഫീസിലെ ഉദ്യോഗസ്ഥനും മാതാവ് സന്ധ്യ അദ്ധ്യാപികയുമാണ്. സഹോദരൻ: ശ്രീഹരി.