തിരുവനന്തപുരം:എൻ.സി.സി കേഡറ്റുകളെ വിമാനം പറത്തൽ പഠിപ്പിക്കാൻ ഇടുക്കി ജില്ലയിലെ പീരുമേട് മഞ്ചുമലയിൽ നിർമ്മാണം തുടങ്ങിയ മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ് (ചെറുവിമാനം) പരിശീലന കേന്ദ്രത്തിന് ഭൂമിയുടെ അവകാശം ഉന്നയിച്ച് വനംവകുപ്പ് ഉടക്കിടുന്നു.
650 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള റൺവേയുടെ തറ നിരപ്പാക്കൽ 70 ശതമാനം പൂർത്തിയായപ്പോഴാണ് തടസവാദം.സ്ഥലം കടുവാ സങ്കേതമാണെന്നാണ് വനംവകുപ്പിന്റെ വാദം. എന്നാൽ പൊതുമരാമത്ത് വകുപ്പിനെയോ മറ്റ് വകുപ്പുകളെയോ അവകാശം രേഖാമൂലം അറിയിച്ചിട്ടില്ല.
വണ്ടിപ്പെരിയാർ ടൗണിൽ നിന്ന് 13 കിലോമീറ്റർ അകലെ പ്രകൃതി രമണീയമായ സ്ഥലത്താണ് കേന്ദ്രം. ശബരിമലയിൽ നിന്ന് ഒരുവിളിപ്പാട് അകലം മാത്രം.
2017മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു.പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല.
വർഷം1000 എൻ.സി.സി കേഡറ്രുകൾക്ക് ഫ്ളൈയിംഗ് പരിശീലനം
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയാണ് സ്ഥലം കണ്ടെത്തിയത്.
വ്യോമസേനയിലെ വിദഗ്ദ്ധസംഘം നിർമ്മാണാനുമതി നൽകി.
റവന്യൂവകുപ്പ് സർവേ നടത്തി അതിർത്തി നിശ്ചയിച്ചു കൈമാറി.
റൺവേ നിർമ്മാണത്തിന് 12 ഏക്കർ.
മൂന്നാം ഘത്തിൽ 400 ആൺകുട്ടികൾക്കും 200 പെൺകുട്ടികൾക്കും താമസ സൗകര്യം
പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റെയ്‌ഞ്ച്, എൻ.സി.സി കേരള എയർ സ്‌ക്വാഡ്രൺ ഭരണവിഭാഗം മന്ദിരം. ഇതിന് എട്ട് ഏക്കർ വേണം.
റൺവേ, വിമാനം സൂക്ഷിക്കാനും ക്ളാസുകൾ നടത്താനുമുള്ള ഹാംഗർ എന്നിവയ്‌ക്ക്
995 ലക്ഷത്തിന് ഭരണാനുമതി
രാജിമാത്യു ആൻഡ് കമ്പനിയാണ് കരാറെടുത്തത്.
നേട്ടം
ഇടുക്കി ജില്ലയിൽ സർക്കാർ വിമാനത്താവളമായി ഭാവിയിൽ വികസിപ്പിക്കാം.
ശബരിമലയ്ക്ക് അടുത്തായതിനാൽ തീർത്ഥാടന ടൂറിസത്തിന് പ്രയോജനം
കോട്ടം
പ്രതിരോധവകുപ്പ് അനുവദിച്ച രണ്ട് ചെറു പരിശീലന വിമാനങ്ങൾ കൊച്ചി നേവൽബേസിലും ഒരെണ്ണം കോയമ്പത്തൂരിലും വെറുതെ കിടക്കുന്നു. ഒരെണ്ണം കൂടി ഉടൻ എത്തും.
പരിശീലകരടക്കം 25 ഓളം പേരെ നിയമിച്ചിട്ടുണ്ട്. അവരുടെ സേവനവും പ്രയോജനപ്പെടുന്നില്ല.
ഡിസംബറിൽ തീർക്കും
2017 ൽ ടെൻഡറായതാണ്. ഡിസംബറിലെങ്കിലും റൺവേ തീർക്കണം. വനംവകുപ്പ് അധികൃതർ ടൈഗർ റിസർവാണെന്ന് പറഞ്ഞെങ്കിലും രേഖാമൂലം അറിയിച്ചിട്ടില്ല.
- പ്രസാദ്.സി.കെ
അസിസ്റ്റന്റ് എക്സി. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്
പരിശീലന കേന്ദ്രം മന്ത്രിസഭ തീരുമാനിച്ചതാണ്. വനം വകുപ്പിന് ചെറിയ തർക്കമുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വകുപ്പു മന്ത്രിമാരുമായി ചർച്ച നടത്തി പരിഹരിക്കും.
ഇ. എസ് ബിജിമോൾ എം. എൽ. എ