നെയ്യാറ്റിൻകര: അദ്ധ്യാപിക ആക്ഷേപിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഓലാത്താന്നിക്ക് സമീപം സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പതിന്നാല് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥി തന്റെ വസ്ത്രങ്ങൾ കൂട്ടിയിട്ട് തീയിടാനും ശ്രമിച്ചു. ബ്ലൈഡ് ഉപയോഗിച്ച് കൈ ഞരമ്പുകൾ മുറിക്കാനാണ് കുട്ടി ശ്രമിച്ചത്. ഇതു കണ്ട് ഓടിയെത്തിയയ അദ്ധ്യാപകരും മറ്റുള്ളവരും ചേർന്ന് കുട്ടിയെ പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് ബോധം കെട്ട് വീണ കുട്ടിയെ ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികത്സ നൽകിയ ശേഷം കുട്ടിയെ വിട്ടയച്ചു. കുട്ടിയുടെ സഹോദരങ്ങൾ സ്കൂളിലെത്തി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും മറ്റ് അദ്ധ്യാപകർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസ് സ്കൂളിലെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുത്തു.