3

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്രസ്ഥാനാർത്ഥി നസീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സി.പി.എം ആണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു.മുൻകണ്ണൂർ ജില്ലാസെക്രട്ടറിയും ഇടതുമുന്നണിസ്ഥാനാർത്ഥിയുമായ പി.ജയരാജൻ അറിയാതെ ഇത്തരം അക്രമം നടക്കില്ല. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥിയെ തടയുന്നതും ആക്രമിക്കുന്നതും സി.പി.എം ശൈലിയാണ്. കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാത്ഥി രാജ്മോഹൻ ഉണ്ണിത്താനെ തടയാൻ റീപോളിംഗ് നടന്ന ഇന്നലെയും സി.പി.എം ശ്രമിച്ചു.

അക്രമരാഷ്ട്രീയത്തിനെതിരെയാണ് വടകരയിൽ മത്സരിച്ചത്. അതിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് നസീറിനെതിരായ അക്രമം കാണിക്കുന്നത്. മുൻ സി. പി.എം പ്രവർത്തകനാണ് നസീർ.പി.ജയരാജനുമായി കലഹിച്ചാണ് പാർട്ടിവിട്ടത്. പിന്നീട് സ്വതന്ത്രനായി മത്സരിച്ചു. നസീർ പിടിക്കുന്ന വോട്ട് എത്രയായാലും അത് ജയരാജന്റെ വോട്ടായിരിക്കും. അതിനുള്ള വൈരാഗ്യമാണീ അക്രമത്തിനുള്ള പ്രേരണയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആർ.എം.പി, യു. ഡി.എഫ് പ്രവർത്തകരുടെ വീടുകളുടെ നേരെയും അക്രമത്തിന് സാദ്ധ്യതയുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. യു.ഡി.എഫുകാർക്കെതിരെ പരാതി വന്നാൽ ഉടൻ നടപടി. ഇടതുമുന്നണിക്കെതിരായാണെങ്കിൽ നടപടിയുമില്ല. വടകരയിലും കള്ളവോട്ട് നടന്നിട്ടുണ്ട്. എന്നാൽ ഇത് തെളിയിക്കാൻ വീഡിയോ ഫുട്ടേജ് ആവശ്യപ്പെട്ടിട്ട് കളക്ടർ നൽകിയില്ലെന്ന് മുരളീധരൻ പരാതിപ്പെട്ടു.