തിരുവനന്തപുരം: ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി എട്ടരക്കോടി രൂപ വിലയുള്ള സ്വർണം കടത്തിയ കേസിൽ പ്രധാന കണ്ണിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പി.പി.എം ചെയിൻസ് എന്ന സ്ഥാപനത്തിലെ മാനേജരായ ഹക്കീമാണ് (33) കള്ളക്കടത്ത് സംഘത്തിൽ നിന്നും പതിവായി സ്വർണം വാങ്ങിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ ഒളിവിലാണ്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹക്കീമിന്റെ കുടുംബത്തിന്റേതാണ് സ്ഥാപനം. തിരുവനന്തപുരം കൂടാതെ കാസർകോട്,കോഴിക്കോട്, കൊണ്ടോട്ടി, തൃശൂർ, ദുബായ് എന്നിവിടങ്ങളിലും സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ട്. ഹക്കീമിന്റെ പിതാവിന്റെ അനുജന്റെ പേരിലുള്ളതാണ് തിരുവനന്തപുരത്തെ സ്ഥാപനം. ഇവരുടെ എല്ലാ സ്ഥാപനത്തിലും ഹക്കീമിന്റെ തിരുവനന്തപുരത്തേയും മലപ്പുറത്തേയും വീടുകളിലും ഡി.ആർ.ഐ റെയ്ഡ് നടത്തി. എന്നാൽ കണക്കിൽപ്പെടാത്ത സ്വർണം കണ്ടത്താനായില്ല. ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സാധാരണ ജുവലറിയിൽ വേണ്ട സ്വർണാഭരണങ്ങൾ പോലും കണ്ടെത്താനായില്ല. നാലു ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഇത്തരം കള്ളക്കടത്ത് സംഘങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജുവലറിയാണിതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഹക്കീം ഒളിവിലായതിനാൽ സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റുള്ളവരെ അന്വേഷണ സംഘംചോദ്യം ചെയ്തു. ദുബായിയിലെ ഇവരുടെ സ്ഥാപനത്തിലും അവിടത്തെ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തും. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിക്കൊണ്ടുവന്ന സ്വർണം മുഴുവൻ വാങ്ങിയത് ഹക്കീമാണ്.
സ്വർണക്കടത്ത് സംഘത്തിൽ സ്ത്രീകളടക്കം ഇരുപതോളംപേരുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. റവന്യൂ ഇന്റലിജൻസ് പൊലീസിന്റെ സഹായത്തോടെ കേസ് അന്വേഷണം വ്യാപിപ്പിക്കാനാണ് ഡി.ആർ.ഐയുടെ തീരുമാനം.