crime

മലയിൻകീഴ് : സ്മിതയുടെ കൊലപാതകത്തിൽ ഭർതൃ മാതാവിന് പങ്കുണ്ടെന്ന ആരോപണവുമായി സ്മിതയുടെ മാതാപിതാക്കളായ വിളപ്പിൽശാല ഇന്ദിരാഭവൻ ചേലക്കാട് വീട്ടിൽ മനോഹരൻനായരും ഇന്ദിരാദേവിയും മുഖ്യമന്ത്രിക്ക് പരാതി. കരകുളം മുല്ലശേരിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്മിത(38)യെ ഭർത്താവ് സജീവ്കുമാർ കൊലപ്പെടുത്തിയത്. 17 വർഷം മുൻപ് കരകുളം സ്വദേശി സജീവിനെ പ്രണയിച്ചാണ് സ്മിത വിവാഹം കഴിച്ചത്. ആദ്യ കുഞ്ഞ് ജനിച്ചതു മുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സജീവും അമ്മ ശാന്തകുമാരിയും മകളെ ക്രൂര പീഡനത്തിന് വിധേയയാക്കിയിരുന്നതായും മദ്യപാനിയായ സജീവിന്റെ ഉപദ്രവങ്ങൾ സഹിക്കവയ്യാതെ പല വട്ടം പൊലീസിൽ പരാതി നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. സംഭവ ദിവസം സജീവ്കുമാറും ശാന്തകുമാരിയും ചേർന്ന് സ്മിതയെ ക്രൂരമായി മർദ്ദിച്ചെന്നും മർദ്ദനം സഹിക്കാനാവാതെ വീടുവിട്ട് ഓടിപ്പോയ സ്മിതയെ നാട്ടുകാരിൽ ചിലരാണ് തിരികെ വീട്ടിലെത്തിച്ചതത്രേ. തുടർന്ന് സജീവ്കുമാർ വീണ്ടും സ്മിതയെ മർദ്ദിക്കുമ്പോൾ കൊലയ്ക്ക് ഉപയോഗിച്ച കത്തി ശാന്തകുമാരിയാണ് കൊണ്ടു കൊടുത്തതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവശേഷം പൊലീസിൽ കീഴടങ്ങിയ സജീവ്കുമാർ ജയിലിലാണ്. സമഗ്രമായ അന്വേഷണത്തിലൂടെ ശാന്തകുമാരിയുടെ പങ്കും സംഭവത്തിലെ ഗൂഢാലോചനയും പുറത്തു കൊണ്ടുവരണമെന്നാണ് സ്മിതയുടെ മാതാപിതാക്കളുടെ ആവശ്യം.