ration-card

തിരുവനന്തപുരം:ഗോഡൗണുകളും റേഷൻ കടകളും കേന്ദ്രീകരിച്ച് നടക്കുന്ന റേഷൻ വെട്ടിപ്പ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം അന്വേഷണം അട്ടിമറിച്ചു. ഒരു വിഭാഗം ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് നൽകിയപ്പോൾ ഭൂരിഭാഗവും പൂഴ്‌ത്തിവയ്പ്പും തട്ടിപ്പും മറച്ചു വയ്‌ക്കാനാണ് ശ്രമിച്ചത്.

കേരളകൗമുദിയിൽ കഴിഞ്ഞ 13ന് തട്ടിപ്പിന്റെ വാർത്ത വന്നതിനെ തുടർന്ന് സിവിൽ സപ്ലൈസ് ഡയറക്‌ടർ നരസിംഹുഗായി ടി.എൽ. റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാരുടേയും നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗോഡൗണിൽ നിന്ന് 45 ക്വിന്റൽ അരിയും നെടുമങ്ങാട്, കോട്ടയം, പാലക്കാട് താലൂക്കുകളിലെ ചില റേഷൻ കടകളിൽ കണക്കിൽ പെടാത്ത ധാന്യശേഖരവും കണ്ടെത്തിയിരുന്നു. തുടർന്ന് മറ്രിടങ്ങളിലും അന്വേഷണം ശക്തമാക്കി. ഉടൻ വന്നു, പരിശോധന അതിരു കടക്കരുതെന്ന നിർദ്ദേശം 'മുകളിൽ' നിന്ന്. ചില ഉദ്യോഗസ്ഥർ സ്വന്തമായും പരിശോധന പ്രഹസനമാക്കി. ഗോഡൗണുകൾക്കും റേഷൻ കടകൾക്കും ക്ലീൻ ചിറ്റ് നൽകി.

ക്ളീൻ ചിറ്റിന് രണ്ട് കാരണങ്ങൾ

കാരണം 1

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ ശേഷം ഗോഡൗണുകൾ സിവിൽ സപ്ളൈസ് തന്നെ നടത്തണം. സ്വകാര്യഗോഡൗണുകൾ മാറി വകുപ്പ് തന്നെ ഗോഡൗണുകൾ തുറന്നുവെന്നാണ് ജനം കരുതിയത്. പക്ഷെ, പേരിന് ചില ഗോഡൗണുകൾ സർക്കാർ തുടങ്ങുകയും ബാക്കി സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്ക് എടുക്കുകയുമാണുണ്ടായത്. അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സ്വകാര്യ വ്യക്തികൾ തന്നെയാണ്. മേൽനോട്ടത്തിന് ഉദ്യോഗസ്ഥരുണ്ടെന്നു മാത്രം. ലാഭത്തിന്റെ ഒരു വിഹിതം അവർക്കും കിട്ടും. പിന്നെ എന്ത് നടപടി?

കാരണം 2

റേഷൻ വ്യാപാരികളിൽ നിന്ന് മാസപ്പടി ആഗ്രഹിക്കുന്ന നല്ലൊരു ശതമാനം ഉദ്യോഗസ്ഥരുണ്ട്. വെട്ടിപ്പ് കണ്ടാലും അവർ റിപ്പോർട്ട് ചെയ്യാറില്ല. ഈ അലംഭാവം പാലക്കാട് ജില്ലാ സപ്ലൈ ഓഫീസർ കണ്ടെത്തുകയും കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് സർക്കുലർ ഇറക്കുകയും ചെയ്തു.

വെട്ടിപ്പുകാരെ ഒറ്റപ്പെടുത്താൻ

റേഷൻ വെട്ടിപ്പിനെ കുറിച്ചുള്ള 'കേരളകൗമുദി' വാർത്തകളും തുടർന്നുണ്ടായ റെയ്ഡുകളും റേഷൻ സംഘടനകളുടെ കണ്ണ് തുറപ്പിച്ചു. വെട്ടിപ്പ് നടത്തുന്ന വ്യാപാരികളെ സംരക്ഷിക്കേണ്ടെന്നാണ് സംഘടനകളുടെ തീരുമാനം. ഗുണഭോക്താക്കളുടെ റേഷൻ വിഹിതം കടയ്ക്കു പുറത്ത് പതിക്കണമെന്നും മുഴുവൻ വിഹിതവും വാങ്ങാൻ അവരെ പ്രേരിപ്പിക്കണമെന്നും കാണിച്ച് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് സർക്കുലർ അയക്കും. ചില്ലറ റേഷൻ വ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയാണിത്. റേഷൻ വെട്ടിപ്പിനെതിരെ ജനപക്ഷത്ത് നിൽക്കാൻ എ.ഐ.ടി.യു.സിയുടെ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും തീരുമാനിച്ചു.