തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളെ യൂണിയൻ
നേതാക്കൾ വേട്ടയാടുന്നുവെന്ന പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ സേവ് യൂണിവേഴ്സിറ്റി കോളേജ് കാമ്പെയിൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു.
അടുത്തിടെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും ആത്മഹത്യാകുറിപ്പിൽ ആരോപണവിധേയരായവരെ സംരക്ഷിക്കാൻ സർക്കാരും പൊലീസും ഒത്തുകളിച്ചതിനാലാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് കമ്മിറ്റി കൺവീനർ എം. ഷാജർഖാൻ പറഞ്ഞു. വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ നിരവധി രക്ഷിതാക്കൾ തങ്ങളുടെ മക്കൾ അനുഭവിക്കുന്ന ദുരിതം വിവരിച്ച് തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജിലെ പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക സമിതിയെ ഉടൻ നിയോഗിക്കും. നിയമ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരടങ്ങുന്ന സമിതിയുടെ റിപ്പോർട്ടുമായി കോടതിയെ സമീപിക്കാനാണ് തീരുമാനം. സമിതി അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയാണ് സേവ് യൂണിവേഴ്സിറ്റി കോളേജ് കാമ്പെയിൻ കമ്മിറ്റി.
രക്ഷാകർത്താവിന്റെ കത്തിലും ഗുരുതര ആരോപണങ്ങൾ
യൂണിവേഴ്സിറ്റി കോളേജ് യൂണിയനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന ഒരു രക്ഷാകർത്താവിന്റെ കത്ത് ശനിയാഴ്ച എം. ഷാജർഖാൻ പുറത്തുവിട്ടിരുന്നു. രക്ഷാകർത്താവിന് പേര് വെളിപ്പെടുത്താൻ കഴിയാത്തതിനാലാണ് താൻ സംസാരിക്കുന്നതെന്നും ഷാജർഖാൻ പറഞ്ഞിരുന്നു. യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐയുടെ നേതാക്കൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം.
നഗരത്തിലെ രാഷ്ട്രീയപരിപാടികൾക്ക് ആളെ തികയ്ക്കാൻ കുട്ടികളെ നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നു. പരിചയക്കാരായ ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം സംസാരിച്ചാൽ ആൺകുട്ടിയെ ഒഴിഞ്ഞ ക്ലാസ് മുറിയിൽ കൊണ്ടുപോയി മർദ്ദിക്കുന്നതും പതിവാണ്. സമാനമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് മറ്റൊരു രക്ഷാകർത്താവിന്റെ കത്തും പുറത്തുവന്നിരിക്കുന്നത്.