photo

പാലോട്: ജൈവ കൃഷിയിൽ പെരുമയുള്ള നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പൗവത്തൂർ ഏലായിലെത്തുന്നവർക്ക് വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ ചോള പാടങ്ങൾ ഓർമ്മ വരും. ഒന്നാംതരം ചോളം, നിറവിളവ് ലഭിച്ചിരിക്കുകയാണ് പൗവത്തൂരിലും. നന്ദിയോട്ടെ കർഷക കൂട്ടായ്മയായ 'ഗ്രാമാമൃതം' അംഗങ്ങളുടെ ഏറെനാളത്തെ പരിശ്രമമാണ് പൂവണിഞ്ഞത്. കൃഷിഭവന്റെ മാർഗ നിർദേശത്തിൽ ഗ്രാമാമൃതം കോ-ഓർഡിനേറ്റർ ബി.എസ്. ശ്രീജിത്ത് കോയമ്പത്തൂർ കാർഷിക സർവകലാശാലയിൽ നിന്നു കൊണ്ടുവന്ന ഒരു പിടി ചോളം വിത്താണ് മികച്ച വിളവ് നൽകിയിരിക്കുന്നത്. ജൈവവളമായ ചാണകവും ഗോമൂത്ര ലായനിയും മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. ആദ്യ വിളവെടുപ്പിൽ ലഭിക്കുന്ന ചോളം മാവാക്കി മാറ്റി ഗ്രാമാമൃതം ബ്രാൻഡിൽ ജില്ലാ കളക്ടർക്കുൾപ്പെടെ നല്കാനുള്ള തയാറെടുപ്പിലാണ് കർഷകർ. ശ്രീജിത്തിനെ കൂടാതെ പൗവത്തുർ ചന്ദ്രാബാബു, ദീപ, ഹിമ, ലിജി, ഷീല, രജിത തുടങ്ങിയ കർഷകരാണ് ചോളം കൃഷിയിൽ മാതൃക സൃഷ്ടിച്ചത്. പ്രദർശന വിളവെടുപ്പ് ആഘോഷപൂർവം നടന്നു. കൃഷി ആഫീസർ എസ്. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് ഉദ്‌ഘാടനം നിർവഹിച്ചു. വാർഡംഗങ്ങളായ കെ. സതീശൻ, അനിതാ കൃഷ്ണൻ, കൃഷി അസിസ്റ്റന്റ് അജിത്, പൗവത്തുർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹണികുമാർ തുടങ്ങിയവർ പങ്കെടുത്തു.