1

നേമം: ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കല്ലിയൂർ പുന്നമൂട് സ്കൂളിന് സമീപം മണ്ണാംവിള വീട്ടിൽ രാജൻ- ഉഷ ദമ്പതികളുടെ മകൻ വിഷ്ണുരാജ് (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് വെളളായണിമുക്കിന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്ന് വെളളായണി ഭാഗത്തേയ്ക്ക് വരികയായിരുന്ന വിഷ്ണുരാജ് ഒാടിച്ചിരുന്ന ബുളളറ്റ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിക്കുകയായിരുന്നു. വിഷ്ണുരാജിന്റെ വാഹനത്തിന് മുന്നേ പോവുകയായിരുന്ന ബൈക്ക് പെട്ടെന്ന് ദിശ മാറ്റി വലതുഭാഗത്തേയ്ക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മുന്നിൽ പോയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബുളളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന വിഷ്ണുരാജിനെ നേമം ശാന്തിവിള താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇയാൾ ടാക്സി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ജിത്തുരാജ് സഹോദരനാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നേമം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.