ന്യൂഡൽഹി : തന്റെ സ്വവർഗ പ്രണയം തുറന്നുപറഞ്ഞ് ഇന്ത്യൻ വനിത അത്‌ലറ്റിക്സ് താരം ദ്യുതി ചന്ദ്. കഴിഞ്ഞദിവസം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആത്മസഖിയെ കണ്ടെത്തിയതായും അടുത്ത ഒളിമ്പിക്സിന് ശേഷം അവൾക്കൊപ്പം ജീവിക്കുകയാണ് ലക്ഷ്യമെന്നും ദ്യുതി വെളിപ്പെടുത്തിയത്. സ്വവർഗ പ്രണയം വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കായികതാരമാണ് ദ്യുതി.
ഒഡീഷക്കാരിയായ ദ്യുതി 100, 200 മീറ്ററുകളിൽ നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടിയ താരമാണ്. 23 കാരിയായ ദ്യുതി 2016 റിയോ ഒളിമ്പിക്സിൽ മത്സരിച്ചിരുന്നു. സ്കൂൾ തലം മുതൽ റെക്കാഡുകൾ തിരുത്തിയെഴുതി സ‌്‌പ്രിന്റ് റാണിയായി മാറിയ ദ്യുതിയെ പുരുഷ ഹോർമോണിന്റെ അതിപ്രസരമുണ്ടെന്ന് പറഞ്ഞ് 2014 ൽ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ വിലക്കിയിരുന്നു. ഇതിനെതിരെ ഇന്റർനാഷണൽ സ്പോർട്സ് കോടതിയിൽ കേസുകൊടുത്ത് വിജയിച്ചാണ് ട്രാക്കിൽ തുടർന്നത്.
ഒഡിഷയിലെ ചക്ക ഗോപാൽപൂർ ഗ്രാമത്തിൽ നിന്നാണ് ദ്യുതി കായിക രംഗത്തേക്ക് വരുന്നത്. തന്റെ പ്രണയിനി നാട്ടുകാരിയും ബന്ധുവുമാണെന്ന് പറഞ്ഞ ദ്യുതി പക്ഷേ അവരുടെ പേര് വെളിപ്പെടുത്തിയില്ല. 19 കാരിയായ പെൺകുട്ടി ഭുവനേശ്വറിൽ കോളേജ് വിദ്യാഭ്യാസം നടത്തുകയാണെന്നും കഴിഞ്ഞ അഞ്ചുവർഷമായി ഞങ്ങൾ ഗാഡബന്ധത്തിലാണെന്നും ദ്യുതി പറഞ്ഞു. കായിക ജീവിതത്തിൽ താനനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചറിഞ്ഞാണ് തങ്ങളിരുവരും തമ്മിലടുത്തതെന്നും ദ്യുതി പറഞ്ഞു. അടുത്ത ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിന് ശേഷം വ്യക്തിജീവിതത്തിലെ നിർണായക തീരുമാനമെടുക്കുമെന്നും ദ്യുതി പറഞ്ഞു.
അതേസമയം ഈ ബന്ധത്തിന് തന്റെ മാതാപിതാക്കൾക്ക് എതിർപ്പില്ലെന്ന് ദ്യുതി പറഞ്ഞു. ബന്ധം തുടർന്നാൽ വീട്ടിൽ നിന്ന് ചവിട്ടിപ്പുറത്താക്കുമെന്ന് തന്റെ മൂത്ത സഹോദരി ഭീഷണിപ്പെടുത്തിയെന്നും ദ്യുതി വെളിപ്പെടുത്തി. എന്നാൽ രാജ്യത്തെ നിയമ വ്യവസ്ഥ മാറിയെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ദ്യുതി പറഞ്ഞു.
'ഞാൻ എന്റെ ആത്മസഖിയെ കണ്ടെത്തിക്കഴിഞ്ഞു. തങ്ങൾ ആർക്കൊപ്പം ജീവിക്കണമെന്നത് തീരുമാനിക്കുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. സ്വവർഗപ്രണയത്തെ ഞാൻ പിന്തുണയ്ക്കുന്നു. അതൊരു വ്യക്തിപരമായ കാര്യമാണ്.
ദ്യുതി ചന്ദ്.
ദ്യുതി ചന്ദ്
ഒഡിഷയിലെ നെയ്‌ത്തുകാരുടെ ഗ്രാമത്തിൽനിന്ന് അന്താരാഷ്ട്ര അത്‌ലറ്റിക്സ് ട്രാക്കിലേക്ക് ഓടിയെത്തിയ പെൺകുട്ടി. സ്കൂൾ തലത്തിൽ സ്‌പ്രിന്റ് ഇനങ്ങളിൽ റെക്കാഡുകൾ കുറിക്കുമ്പോൾ മുതൽ ആൺകുട്ടിയാണോ എന്നൊരു സംശയം തോന്നിപ്പിച്ചിരുന്നു. 2014ൽ ഏഷ്യൻ ജൂനിയർ അത് ലറ്റിക്സിൽ ഇരട്ട സ്വർണം നേടിയതിനുപിന്നാലെ ശരീരത്തിലെ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലായതിന് വിലക്കും കേസും. ഒടുവിൽ വിലക്കിൽനിന്ന് രക്ഷപ്പെട്ടു. ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ നാല് വെങ്കലങ്ങളും കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളികളും നേടിയിട്ടുണ്ട്. 100 മീറ്ററിൽ ദേശീയ റെക്കാഡിനുടമ.
ഇന്ത്യൻ സെമന്യ
നിരവധി തവണ ലിംഗ പരിശോധനയ്ക്ക് വിധേയായിട്ടുള്ള വിവാദ ദക്ഷിണാഫ്രിക്കക്കാരി കാസ്റ്റർ സെമന്യയുടെ ഇന്ത്യൻ പതിപ്പാണ് ദ്യുതിചന്ദ്. സെമന്യ വിവാഹം കഴിച്ചിരിക്കുന്നത് ഒരുസ്ത്രീയെയാണ്.
സെക്ഷൻ 377
സ്വവർഗ രതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 377 സുപ്രീംകോടതി 2018 ൽ റദ്ദാക്കിയിരുന്നു. എന്നാൽ ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമപരമായി അനുവദനീയമല്ല.