കിളിമാനൂർ: ചന്തയിലെ നികുതി പിരിവിനെത്തിയ പഞ്ചായത്ത് ജീവനക്കാർക്ക് നേരേ മത്സ്യ കച്ചവടക്കാരൻ ആക്രമണം നടത്തിയതായി പരാതി. പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ അധീനതയിലുള്ള കിളിമാനൂർ പബ്ലിക് മാർക്കറ്റിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കിളിമാനൂർ പബ്ലിക് മാർക്കറ്റ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ ലേല നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കരാർ നൽകാത്തതിനാൽ പഞ്ചായത്ത് അധികൃതർ നേരിട്ടാണ് നികുതി പിരിച്ചിരുന്നത്. ഞായറാഴ്ച രാവിലെ നികുതി പിരിക്കാനെത്തിയ ഹർഷകുമാർ ചന്തയ്ക്കുള്ളിൽ മത്സ്യ കച്ചവടം നടത്തുകയായിരുന്ന സെയ്ഫുദീനോട് നികുതി ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ നികുതി നൽകാൻ വിസമ്മതിക്കുകയും ഹർഷകുമാറിന്റെ ഷർട്ട് വലിച്ച് കീറുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. ഇക്കാര്യം പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സെയ്ഫുദീനെ അറസ്റ്റ് ചെയ്തു. പഞ്ചായത്തിലെ യുഡി ക്ലാർക്കായ ഹർഷകുമാറിനെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.