തിരുവനന്തപുരം: ഈയാഴ്ച നൽകുമെന്ന് പറഞ്ഞ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കഴിഞ്ഞ വർഷത്തെ രണ്ടു ഗഡു ക്ഷാമബത്ത കുടിശ്ശിക വിതരണം ഇതുവരെ ആരംഭിച്ചില്ല. ശമ്പളവിതരണത്തിനുള്ള സ്പാർക്കിലും പെൻഷൻ വിതരണത്തിനുള്ള പ്രിസം സോഫ്റ്റ് വെയറിലുമുണ്ടായ സാങ്കേതിക തകരാർ കാരണമാണ് വിതരണം ചെയ്യാനാവാത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ സംഘടനകൾ ഇത് അംഗീകരിച്ചിട്ടില്ല. സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് വിതരണം ഒാരോ ന്യായങ്ങൾ പറഞ്ഞ് വീണ്ടും മാറ്റിവച്ചുവെന്നാണ് ആക്ഷേപം.
പുതുക്കിയ ഡി.എ ഉൾപ്പെടുത്തി ഇൗ മാസം ശമ്പളവും പെൻഷനും നൽകിയെങ്കിലും കുടിശ്ശിക നൽകിയിരുന്നില്ല.
മേയ് 15 മുതൽ മൂന്ന് ദിവസങ്ങളിലായി എല്ലാവർക്കും കുടിശിക പണമായി നൽകുമെന്നാണ് ഒടുവിൽ സർക്കാർ പറഞ്ഞത്. 1703 കോടി രൂപയാണ് കുടിശികയായി വിതരണം ചെയ്യാനുള്ളത്. ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയും ജൂലായിൽ പ്രളയത്തിന്റെ പേരിലുമാണ് ഡി.എ വർദ്ധന നടപ്പാക്കാതെ മാറ്റിവച്ചത്. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ഡി.എ രണ്ടു ഗഡു കുടിശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.