psc-office-pattom

തിരുവനന്തപുരം: സിസ്റ്റം അനലിസ്റ്റ് തസ്തികയിലേക്ക് 25ന് പി.എസ്.സി നടത്താനിരുന്ന ഒ.എം.ആർ പരീക്ഷ ഓൺലൈനാക്കിയതിനെതിരെ ഉദ്യോഗാർത്ഥികൾ രംഗത്ത്. ഓൺലൈൻ പരീക്ഷാ സംവിധാനം കൈകാര്യം ചെയ്യുന്ന സി-ഡിറ്റിലെ രണ്ടു പേർ പരീക്ഷ എഴുതുന്നുണ്ട്. ഇവർക്കു വേണ്ടിയാണ് ഇത്തരത്തിൽ പരീക്ഷ മാറ്റിയതെന്നു കാണിച്ച് ഉദ്യോഗാർത്ഥികൾ ചെയർമാനു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

പി.എസ്‌.സിയുടെ ഓൺലൈൻ പരീക്ഷാ സംവിധാനം തയാറാക്കിയതും കൈകാര്യം ചെയ്യുന്നതും സിഡിറ്റാണ്. അവിടത്തെ 2 ജീവനക്കാർക്കാണ് ഇതിന്റെ പ്രധാന ചുമതല. ഇവർക്കു പി.എസ്‌.സിയുടെ ഓൺലൈൻ പരീക്ഷ നടക്കുന്ന സമയത്ത് ഡേറ്റയിൽ നിയന്ത്രണമുണ്ട്. കഴിഞ്ഞ മാർച്ചിൽ നടന്ന വകുപ്പുതല പരീക്ഷയിൽ ചോദ്യം മാറിയപ്പോൾ ഈ രണ്ടു ജീവനക്കാരാണ് പി.എസ്‌.സിയിലെത്തി പിശകു പരിഹരിച്ചത്.

ഈ വിവരം അറിയാവുന്നതു കൊണ്ടാണു മുൻ പരീക്ഷാ കൺട്രോളർ സിസ്റ്റം അനലിസ്റ്റ് പരീക്ഷ ഓൺലൈനിൽ നടത്താതെ ഒ.എം.ആർ രീതിയിലാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇവരെ സഹായിക്കാനായി പരീക്ഷ ഓൺലൈനിലേക്കു മാറ്റിയെന്നാണ് ആരോപണം. ഒരു പി.എസ്‌.സി അംഗമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് ഉദ്യോഗാർത്ഥികളുടെ പരാതിയിൽ പറയുന്നു.

ഇവർക്കു വേണ്ടി മാത്രം ഒ.എം.ആർ പരീക്ഷ ഓൺലൈനിലേക്കു മാറ്റി എന്നു വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ പട്ടികജാതി വികസന വകുപ്പിലെ ട്രെയിനിംഗ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് 22നു നടത്തുന്ന പരീക്ഷയും ഒ.എം.ആറിൽ നിന്ന് ഓൺലൈനിലേക്കു മാറ്റിയിട്ടുണ്ട്.