തിരുവനന്തപുരം: സ്വൈപ്പിംഗ് മെഷീൻ വഴി തലസ്ഥാനത്തെ സപ്ളൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും സ്വകാര്യബാങ്കിന്റെ അക്കൗണ്ടിൽ എത്തിയ 1.66 കോടി സപ്ളൈകോയ്ക്ക് കൈമാറിയില്ലെന്ന് വിജിലൻസ് വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്
പമ്പുകളുടെ ചുമതലക്കാർക്ക് ഇതിലുള്ള പങ്കിനെപ്പറ്റി അന്വേഷണമാരംഭിച്ചു. ഇവർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
നഗരത്തിലെ വെള്ളയമ്പലം, ഉള്ളൂർ, സ്റ്റാച്യു പമ്പുകളിലെ പണമിടപാടിലാണു സപ്ലൈകോയുടെ വിജിലൻസ് വിഭാഗം വീഴ്ച കണ്ടെത്തിയത്. സ്വൈപ്പിംഗ് മെഷീൻ വഴി നടക്കുന്ന ഇടപാടിലെ തുക അതതു ബാങ്കുകൾ മൂന്നു ദിവസത്തിനുള്ളിൽ സപ്ലൈകോയുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ സ്വകാര്യ ബാങ്ക് ആറുമാസമായിട്ടും തുക അക്കൗണ്ടിലേക്കു നൽകിയിരുന്നില്ല.
പലിശ സഹിതം പണം ഈടാക്കണമെന്നായിരുന്നു അന്വേഷണം നടത്തിയ വിജിലൻസ് വിഭാഗത്തിന്റെ ശുപാർശ. എന്നാൽ പണം മടക്കി നൽകിയെങ്കിലും പലിശ നൽകാൻ ബാങ്ക് തയാറായില്ല. ഈ വിവരം സപ്ലൈകോ ഉദ്യോഗസ്ഥരും മേലധികാരികളെ അറിയിച്ചിരുന്നില്ല
കോട്ടയത്തു താത്ക്കാലിക ജീവനക്കാരെ നിയമിച്ചെന്ന് വ്യാജ രേഖയുണ്ടാക്കി വർഷങ്ങളായി ആ പേരിൽ ശമ്പളം എഴുതിയെടുത്ത മാനേജരെ കഴിഞ്ഞയാഴ്ച സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ പമ്പുകളിലെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഒന്നര കോടിയിലധികം രൂപ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന കാര്യം അറിയുന്നത്.