world-cup-cricket-austral
world cup cricket australia

ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഏകദിന ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള ടീമാണ് ആസ്ട്രേലിയ. കഴിഞ്ഞതവണ സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിലാണ് അവർ കിരീടം നേടിയത്. ആ കിരീടം ഇത്തവണ നിലനിറുത്താൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

തുടർച്ചയായി ലോകകപ്പ് ജേതാക്കളായ രണ്ട് ടീമുകളെയുള്ളൂ. വെസ്റ്റ് ഇൻഡീസും ആസ്ട്രേലിയയും. ആദ്യ രണ്ട് ലോകകപ്പുകളും അക്കാലത്തെ മുടിചൂടാമന്നന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനായിരുന്നു. 1999 മുതൽ തുടർച്ചയായി മൂന്ന് ലോകകപ്പുകളാണ് കംഗാരുക്കൾ സഞ്ചിയിലാക്കിയത്. കിരീട ത്തുടർച്ച അത്‌ഭുതമില്ലാത്ത ആസ്ട്രേലിയക്കാർക്ക് ഇത്തവണ അതിന് സാധിക്കുക പക്ഷേ പ്രയാസകരമാകും എന്നതാണ് കണക്കുകൂട്ടലുകൾ. അതിന്കാരണം രണ്ടാണ്.

ഒന്ന് : 2015 ൽ കിരീടം നേടിയത് സ്വന്തം മണ്ണിലായിരുന്നു. ഇത്തവണ കളി ഇംഗ്ളണ്ടിലാണ്.

രണ്ട് : കഴിഞ്ഞ തവണത്തേതുപോലെ മികച്ച ഒരു ടീമല്ല ഇപ്പോൾ ആസ്ട്രേലിയയുടേത്. കഴിഞ്ഞ ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള അവരുടെ പ്രകടനം ആശാവഹവുമല്ല.

കഴിഞ്ഞ ലോകകപ്പ് നേട്ടത്തിന് ശേഷം മികച്ച പ്രകടനം കാഴ്ചവച്ചുവന്ന ആസ്ട്രേലിയയ്ക്ക് അടിപതറിയത് 2017 ലെ ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പ് ന്യൂസിലൻഡിനെതിര നടന്ന ചാപ്പൽ-ഹാഡ്ലി ട്രോഫിയിലാണ്. മൂന്ന് മത്സര പരമ്പര 0-2ന് തോറ്റ ആസ്ട്രേലിയയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിലും കിരീടം നേടാനായില്ല. തുടർന്ന് അവർ ഇന്ത്യയിലെത്തി അഞ്ച് മത്സര പരമ്പര 1-4ന് തോറ്റു. ഇംഗ്ളണ്ട് ആസ്ട്രേലിയയിലെത്തി 4-1നും സ്വന്തംമണ്ണിൽ 5-0 ത്തിനും ആസ്ട്രേലിയയെ തോൽപ്പിച്ചു. ശേഷം ദക്ഷിണാഫ്രിക്ക 2-1ന് പരമ്പരയിൽ കീഴടക്കി. ആസ്ട്രേലിയയിലെത്തി ഇന്ത്യ 2-1 നും വിജയം കണ്ടു.

തുടർച്ചയായ ഈ ആറ് പരമ്പര തോൽവികൾക്ക് പ്രധാനകാരണമായത് പന്തുരയ്ക്കൽ വിവാദത്തിലെ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും വിലക്കായിരുന്നു. ഇരുവരുടെയും അസാന്നിദ്ധ്യം മാനസികമായികൂടി ഓസീസിനെ തകർത്തു. ചാമ്പ്യൻസ് ട്രോഫിക ഒഴിച്ചാൽ 2016 /17 സീസൺ മുതൽ 2018/19 സീസൺവരെ തുടർച്ചയായി കളിച്ച 24 ഏകദിനങ്ങളിൽ 19 എണ്ണത്തിലാണ് അവർ തോറ്റത്.

ഈ തോൽവികളുടെ ആഘാതത്തിൽനിന്ന് കരകയറാൻ തുടങ്ങിയത് ഇന്ത്യൻ പര്യടനത്തോടെയാണ്. അഞ്ച് മത്സരപരമ്പരയിൽ 3-2ന് ഇന്ത്യയെ കീഴടക്കി വിജയവഴിയിലേക്ക് തിരിച്ചുവന്ന ഓസീസ് പിന്നീട് യു.എ.ഇയിൽ പാകിസ്ഥാനെതിരായ അഞ്ച് മത്സര പരമ്പര തൂത്തുവാരി. ഈ വിജയത്തുടർച്ചയാണ് ലോകകപ്പിനെത്തുന്ന ആസ്ട്രേലിയൻ ടീമിന്റെ ആത്മവിശ്വാസം. അതിനൊപ്പം സ്മിത്തും വാർണറും തിരിച്ചെത്തുന്നത് പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായകരമാകുമെന്ന് അവർ കരുതുന്നു.

കംഗാരുക്കളുടെ ശക്തിയും ദൗർബല്യവും

1. സ്മിത്തിന്റെയും വാർണറുടെയും മടങ്ങിവരവ്.

പന്തുരയ്ക്കൽ വിവാദത്തിൽ സ്മിത്തിനെയും വാർണറെയും പുറത്താക്കുമ്പോൾതന്നെ ലോകകപ്പിൽ തിരിച്ചെത്താനുള്ള സാദ്ധ്യതകളും ആസ്ട്രേലിയൻ ക്രിക്കറ്റ് അധികാരികൾ തുറന്നിട്ടിരുന്നു.

വിലക്ക് കഴിഞ്ഞ് ഇരുവരും ഐ.പി.എല്ലിൽ കളിച്ചിരുന്നു. വാർണർ വമ്പൻ സ്കോറുമായി ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായി. സ്മിത്തും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.

2. ബാറ്റിംഗിലെ പുതുതാരങ്ങൾ

ഇന്ത്യയ്ക്കും പാകിസ്ഥാനുമെതിരായ പരമ്പരകളിൽ ഉസ്മാൻ ഖ്വാജ, അലക്സ് കാരേയ്, ആരോൺ ഫിഞ്ച് തുടങ്ങിയവരുടെ പ്രകടനം ഗംഭീരമായിരുന്നു. ഗ്ളെൻ മാക്സ്‌വെല്ലും മികവ് പുലർത്തി.

3. വീര്യം നഷ്ടമാകുന്ന ബൗളിംഗ്

കഴിഞ്ഞ ലോകകപ്പിൽ സൂപ്പർ ഹീറോയായിരുന്ന മിച്ചൽ സ്റ്റാർക്ക് പഴയ ഫോമിലല്ല. സ്റ്റാർക്കിനോളം മികവ് കാട്ടാൻ യുവ ബൗളർമാരായ കേൻ റിച്ചാർഡ്സൺ, ബ്രെൻഡോർഫ്, കമ്മിൻസ്, കൗട്ടർനിലെ തുടങ്ങിയവർക്ക് കഴിയുമോ എന്ന് കണ്ടറിയണം.

4. ഫിഞ്ചിന്റെ നായകത്വം

സ്മിത്തിനെപ്പോലെ ടീമിനെ നിയന്ത്രിക്കാനുള്ള പക്വത ആരോൺ ഫിഞ്ചിനില്ല. എന്നാൽ സ്മിത്ത് ടീമിലുള്ളത് ഫിഞ്ചിന്റെ സമ്മർദ്ദം കുറയ്ക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

5. ആൾ റൗണ്ടർമാരുടെ അഭാവം

മത്സരം നിന്ത്രിക്കാൻ കഴിയുന്ന ആൾ റൗണ്ടർമാരുടെ അഭാവം ആസ്ട്രേലിയൻ ടീമിലുണ്ട്. സ്റ്റോയ്‌നിസ്, മാക്സ്‌വെൽ എന്നിവരാണ് എടുത്തു പറയാവുന്ന ആൾ റൗണ്ടർമാർ.

ജൂലായ് 14ന് ലോഡ്സിൽ കപ്പുയർത്തുന്നത് തന്നെയാണ് ഞാൻ സ്വപ്നം കാണുന്നത്. രണ്ടുവർഷത്തോളം ഞങ്ങൾക്ക് മോശം കാലമായിരുന്നു. എന്നാൽ ഇന്ത്യയെയും പാകിസ്ഥാനെയും തോൽപ്പിച്ച് ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

ആരോൺ ഫിഞ്ച്

ആസ്ട്രേലിയൻ ക്യാപ്ടൻ

ആസ്ട്രേലിയയുടെ മത്സരങ്ങൾ

ജൂൺ 1

Vs അഫ്ഗാനിസ്ഥാൻ

ജൂൺ 6

Vs വെസ്റ്റ് ഇൻഡീസ്

ജൂൺ 9

Vs ഇന്ത്യ

ജൂൺ 12

Vsപാകിസ്ഥാൻ

ജൂൺ 15

Vs ശ്രീലങ്ക

ജൂൺ 20

Vs ബംഗ്ളാദേശ്

ജൂൺ 25

Vs ഇംഗ്ളണ്ട്

ജൂൺ 29

Vs ന്യൂസിലൻഡ്

ജൂലായ് 6

Vs ദക്ഷിണാഫ്രിക്ക

5

തവണ ലോകകപ്പ് നേടിയ ടീമാണ് ആസ്ട്രേലിയ

1987 ൽ ആദ്യ കിരീടം

1999, 2003, 2007 ലോകകപ്പുകളിൽ തുടർച്ചയായി കിരീടം

2015 ൽ അഞ്ചാം കിരീടം

ആസ്ട്രേലിയ സ്ക്വാഡ്

ആരോൺ ഫിഞ്ച് (ക്യാപ്ടൻ), ഉസ്മാൻ ഖ്വാജ, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, ജാസൺ ബ്രെൻഡോർഫ്, അലക്സ് കാരേയ്, നഥാൻ കൗട്ടർനിലെ, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ഷോൺ മാർഷ്, ഗ്ലെൻ മാക്സ് വെൽ,

മിച്ചൽ സ്റ്റാർക്ക്, സ്റ്റോയ്‌നിസ്, ആദം സാംപ.