വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപാസിൽ കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. മുക്കോല മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ ദൂരമാണ് 22 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത്. കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള റോഡിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നാലുവരിപ്പാത മാത്രമാണ് കോൺക്രീറ്റ് ചെയ്‌തിട്ടുള്ളത്. ഇരുവശങ്ങളിലുമുള്ള സർവീസ് റോഡിന്റെ നിർമ്മാണം സാധാരണ രീതിയിലാണ്. 43 കിലോമീറ്ററാണ് റോഡിന്റെ നീളം. ഇതിൽ ഓരോ 45 മീറ്ററിനുമിടയ്ക്ക് ശുചിമുറിയും കഫറ്റീരിയയും ഉണ്ടാകും. രണ്ടു ആംബുലൻസുകൾ 24 മണിക്കൂറും റോഡിൽ റോന്തുചുറ്റുന്നുണ്ടാകും. യാത്രയ്ക്കിടയിൽ ആർക്കെങ്കിലും അപകടം പറ്റിയാൽ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്താൻ ഒരു ടോൾ ഫ്രീ നമ്പർ ഉണ്ടാകും. ഇത് റോഡിനു ഇരുവശത്തും പ്രദർശിപ്പിച്ചിരിക്കും. അപകടത്തിൽ പെടുന്ന വാഹനങ്ങൾ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ രണ്ടു ക്രെയിനുകളും റോഡിൽ ഉണ്ടാകും. ഇതിനും ടോൾ ഫ്രീ നമ്പർ നൽകും. യാത്രയ്ക്കിടയിൽ വിശ്രമം ആവശ്യമാകുന്നവർക്ക് സൗകര്യത്തിനായി പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് സ്‌നാക്‌സ് ബാറുകൾ നിർമ്മിക്കും. ആംബുലൻസ്, ക്രെയിൻ എന്നിവയുടെ സേവനം തികച്ചും സൗജന്യമാണ്. ഇവയുടെ ചെലവു മുഴുവൻ ഹൈവേ അതോറിട്ടി വഹിക്കും. റോഡിൽ നിന്നു ലഭിക്കുന്ന ടോൾ വരുമാനം ഉപയോഗിച്ചാകും ഇവയുടെ പ്രവർത്തനം. കഴക്കൂട്ടത്തിനും കാരോടിനും ഇടയിൽ ഒരു ടോൾ ബൂത്ത് ഉണ്ടാകും. ആദ്യഘട്ട നിർമാണം ഈവർഷം തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിന് ചെലവ് 669 കോടി രൂപ
രണ്ടാം ഘട്ടത്തിന് 495 കോടി
ബൈപാസിന്റെ അകെ ദൂരം - 43 കി.മീ
കോൺക്രീറ്റ് പാത വരുന്നത് -16.2 കി.മീ ദൂരത്തിൽ