ജമൈക്ക : 15 അംഗ ടീമിൽ ഉൾപ്പെടാതിരുന്ന സൂപ്പർ താരങ്ങളായ ഡ്വെയ്ൻ ബ്രാവോയെയും കെയ്റോൺ പൊളളാഡിനെയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ലോകകപ്പിനുള്ള റിസർവുകളായി പ്രഖ്യാപിച്ചു. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് ഇവരുടെ കാര്യത്തിൽ പുനരാലോചന നടത്താൻ കരീബിയൻ ബോർഡിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബറിൽ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എങ്കിലും ടീമിലെത്താൻ സാദ്ധ്യതയുണ്ടെന്നാണ് അറിയുന്നത്.
ഇപ്പോൾ അയർലാൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിൽ കളിക്കുന്ന ആൾ റൗണ്ടർമാരായ സുനിൽ ആംബ്രിസിനെയും റെയ്മൺ റെയ്ഫറെയും റിസർവുകളായി തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇംഗ്ളണ്ട് 351/9
ലീഡ്സ് : പാകിസ്ഥാനെതിരായ അഞ്ചാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 50 ഒാവറിൽ 351/9 എന്ന സ്കോർ ഉയർത്തി. ജോറൂട്ട് (84), ക്യാപ്ടൻ ഇയോൻ മോർഗൻ (76), ബട്ട്ലർ (34), എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ളണ്ടിന് മികച്ച സ്കോർ നൽകിയത്. അഞ്ച് മത്സര പരമ്പരയിൽ 3-0 ത്തിന് മുന്നിലാണ് ഇംഗ്ളണ്ട്.
ഇംഗ്ളണ്ടിൽ ഏകദിനങ്ങളിലെ ഫ്ളാറ്റ് പിച്ചുകൾ ബാറ്റ്സ്മാന്മാരെ തുണയ്ക്കുമെന്നതിൽ സംശയമില്ല. പക്ഷേ സാഹചര്യങ്ങൾക്ക് അനുസരിച്ച് ലൈനും ലെംഗ്ത്തും കണ്ടെത്താൻ കഴിഞ്ഞാൽ ബൗളിംഗിനെ നേരിടുക പ്രയാസമാകും. എനിക്ക് ഇംഗ്ളണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ഉറപ്പുണ്ട്. യോർക്കറുകളിലൂടെ വിക്കറ്റുകൾ നേടാൻ കഴിയും.
മുഹമ്മദ് ഷമി
ഇന്ത്യൻ പേസർ.