പാറശാല: ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം എന്നറിയപ്പെടുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിനും ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്കും കേരള പൊലീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും സംരക്ഷണം. മാസങ്ങൾക്ക് മുമ്പ് മഹാശിവലിംഗവും ക്ഷേത്രവും തകർക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. വീണ്ടും ക്ഷേത്രത്തിനും മഠാധിപതി സ്വാമി മഹേശ്വരാനന്ദക്കും എതിരെ ഭീഷണി ആവർത്തിക്കുകയുണ്ടായി. ഈ വിവരങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സുരക്ഷാ നടപടികൾ.
ഏറ്റവും വലിയ മഹാശിവലിംഗമുള്ള ക്ഷേത്രമെന്നതിന് പുറമേ 32 ഭാവങ്ങളിലെ ഗണപതി പ്രതിഷ്ഠകളോടുകൂടിയ ഗണപതി മണ്ഡപവും അത്യപൂർവവും ദിവ്യവുമായിട്ടുള്ള 12 ജ്യോതിർലിംഗങ്ങളുടെ പ്രതിഷ്ഠയും മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയുകയില്ല. അതാണ് ഈ ക്ഷേത്രം ലോകശ്രദ്ധയിലെത്തിക്കാൻ കാരണം. അതുകൊണ്ട് തന്നെ വിവിധ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ദിനംപ്രതി ഏറി വരികയാണ്.