ലണ്ടൻ : 11 വർഷത്തിന് ശേഷം ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയോട് വിട ചൊല്ലുകയാണെന്ന് നായകൻ വിൻസന്റ് കൊമ്പനി. കഴിഞ്ഞദിവസം എഫ്.എ കപ്പിൽ വാറ്റ്ഫോഡിനെ 6- 0 ത്തിന് തോൽപ്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് കൊമ്പനി ഇക്കാര്യം അറിയിച്ചത്. ഇൗ സീസണിൽ മൂന്ന് കിരീടങ്ങളാണ് നായകനായി കൊമ്പനി സിറ്റിക്ക് നേടിക്കൊടുത്തത്. 2008 ൽ സിറ്റിയിലെത്തിയ ബെൽജിയൻ ഡിഫൻഡറായ കൊമ്പനി 360 മത്സരങ്ങളിൽ ക്ളബിന്റെ കുപ്പായമണിഞ്ഞു. നാല് വീതം പ്രിമിയർ ലീഗ്, ലീഗ് കപ്പ്, രണ്ട് വീതം എഫ് എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് നേട്ടങ്ങളിൽ പങ്കാളിയായി. തന്റെ പുതിയ ക്ളബ് ഏതെന്ന് 33 കാരനായ താരം വെളിപ്പെടുത്തിയില്ല.
ലാസ്റ്റ് മാച്ചിലും
റയൽ തോറ്റു
മാഡ്രിഡ് :ഇൗ സീസൺ ലാലിഗയിലെ അവസാന മത്സരത്തിലും റയൽ മാഡ്രിഡിന് തോൽവി. ഇന്നലെ 2-0 ത്തിന് റയൽ ബെറ്റിസാണ് മാഡ്രിഡിനെ കീഴടക്കിയത്. ഇൗ സീസണിലെ റയലിന്റെ 12-ാം ലാലിഗ തോൽവിയാണിത്. 38 മത്സരങ്ങളിൽനിന്ന് 68 പോയിന്റ് നേടിയ റയൽ മൂന്നാംസ്ഥാനത്താണ്. ബാഴ്സലോണ ഇക്കുറി ലാലിഗ കിരീടം നിലനിറുത്തുകയായിരുന്നു.